breaking news New

മുംബൈ താനെയിലെ മുംബ്രയില്‍ യുവതിയെ ശല്യം ചെയ്തവരെ മലയാളി വെടിവെച്ചുവീഴ്ത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അറസ്റ്റിലായ മലയാളി ജയന്‍ ശിവാനന്ദന്‍ നായര്‍ (51) മുന്‍ സൈനികനാണെന്നും ഇയാള്‍ ഒരു 'ഷാര്‍പ്പ് ഷൂട്ടര്‍' ആണെന്നും പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ മുംബ്രയിലെ ബിസ്മില്ലാ ചാളില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ ജയന്‍ കഴിഞ്ഞ കുറെക്കാലമായി മുംബ്രയിലാണ് താമസിക്കുന്നത്.

താന്‍ സഹോദരിയായി കരുതുന്ന യുവതിയെ ഒരു സംഘം യുവാക്കള്‍ നിരന്തരമായി പിന്തുടര്‍ന്ന് ശല്യം ചെയ്തതാണ് ജയനെ പ്രകോപിപ്പിച്ചത്. സംഭവദിവസം രാവിലെയും യുവതിയെ ഇവര്‍ ശല്യം ചെയ്തതോടെ വീട്ടില്‍ നിന്ന് തോക്കുമായെത്തിയ ജയന്‍ മൂവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് ഷെയ്ഖ് എന്നിവര്‍ ചികിത്സയിലാണ്. പ്രതി കൃത്യമായ ലക്ഷ്യത്തോടെയാണ് വെടിവെച്ചതെന്നത് ഇയാളുടെ സൈനിക പശ്ചാത്തലം ശരിവെക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. തന്റെ വളര്‍ത്തു മാതാപിതാക്കളുടെ മകളെ ശല്യം ചെയ്തവരെയാണ് ജയന്‍ ആക്രമിച്ചത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയും യുവാക്കളും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും തുടര്‍ന്ന് ജയന്‍ അരയില്‍ തിരുകിയിരുന്ന തോക്കെടുത്ത് വെടിയുതിര്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഈ ആയുധം എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് മുംബ്ര പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി പോലീസ് സ്റ്റഡിയില്‍ വാങ്ങും. പ്രദേശത്ത് നിലവില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. തോക്ക് കളഞ്ഞു കിട്ടിയെന്നാണ് മൊഴി. ഇതു പോലീസ് വിശ്വസിച്ചിട്ടില്ല.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. മാനസാന്തരം വരുത്താന്‍ കഴിയാത്ത വിധം തര്‍ക്കം അക്രമാസക്തമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി മുംബ്ര സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ഷിന്‍ഡെ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t