breaking news New

ഇൻഡോർ നഗരത്തെ ഭിക്ഷാടനമുക്തമാക്കാന്‍ ലക്ഷ്യമിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കാറും ഡ്രൈവറും മൂന്നുനില വീടുമുള്ള 'കോടീശ്വരന്‍' പിച്ചക്കാരനെ കണ്ട് ഉദ്യോഗസ്ഥരും ഞെട്ടി !!

വര്‍ഷങ്ങളായി ഇന്‍ഡോറിലെ സറഫ ബസാര്‍ മേഖലയില്‍ ചക്രങ്ങളുള്ള തടിപ്പലകയില്‍ കൈകള്‍ നിലത്തൂന്നി നടന്നിരുന്ന മംഗിലാല്‍ എന്നയാളാണ് വ്യാജ ഭിക്ഷാചനത്തിന് പിടിയിലായത്.

ഒരു സാധാരണ യാചകനാണെന്ന് കരുതിയ മംഗിലാലിന്റെ സമ്പാദ്യ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. മംഗിലാലിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ഇയാളുടെ ആസ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഭഗത് സിങ് നഗറില്‍ മൂന്നുനില വീട്, ശിവ് നഗറില്‍ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, കൂടാതെ ഭിന്നശേഷി വിഭാഗത്തില്‍ സര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതിവഴി ലഭിച്ച ഒരു ബെഡ്റൂം ഫ്ളാറ്റ് എന്നിവയെല്ലാം ഇയാളുടെ പേരില്‍ ഉണ്ട്. കൂടാതെ വാടകയ്ക്ക് കൊടുക്കുന്ന മൂന്ന് ഓട്ടോറിക്ഷകള്‍, ഒരു സ്വിഫ്റ്റ് ഡിസയര്‍ കാര്‍, അത് ഓടിക്കാന്‍ ശമ്പളത്തിന് നിര്‍ത്തിയ ഡ്രൈവറും ഉണ്ട്.

യാചിച്ച് കിട്ടുന്ന പണം സറഫ ബസാറിലെ ജ്വല്ലറി വ്യാപാരികള്‍ക്ക് ഉയര്‍ന്ന പലിശയ്ക്ക് കടം നല്‍കുന്ന പരിപാടിയും മംഗിലാലിനുണ്ട്. പണം നല്‍കിയവരില്‍ നിന്ന് ദിവസേനയോ ആഴ്ചതോറുമോ ഇയാള്‍ പലിശ വാങ്ങും. ഇദ്ദേഹം എത്ര പണം സമ്പാദിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടെന്നും കൃത്യമായ കണക്ക് വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നഗരത്തിലെ പ്രശസ്തമായ സറഫാ ബസാര്‍ പരിസരത്ത് വര്‍ഷങ്ങളായി യാചക വൃത്തിയില്‍ ഏര്‍പ്പെടുന്ന ഇദ്ദേഹത്തിന് വഴിയേ പോകുന്ന നിരവധിയാളുകളാണ് നാണയത്തുട്ടുകൾ നല്‍കാറുള്ളത്. അതേസമയം, അവിടെ ഇരിക്കുക മാത്രം ചെയ്തിരുന്ന മംഗിലാല്‍, പ്രത്യക്ഷത്തില്‍ ഭിക്ഷ യാചിച്ചിരുന്നില്ല. ഒരു മൂലയില്‍ ഇരിക്കുകയോ പിറകില്‍ ഒരു ബാഗുമായി ചുറ്റി നടക്കുകയോ ആയിരുന്നു പതിവ്. സഹതാപം തോന്നി ആളുകള്‍ സ്വമേധയാ സഹായിക്കുകയായിരുന്നു.

മധ്യപ്രദേശിലെ വനിതാ-ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥരാണ് മംഗിലാലിനെ ഏറ്റെടുത്ത് പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 6,500-ഓളം യാചകരെ കണ്ടെത്തുകയും ഇതില്‍ 4,500 പേരെ വിവിധ തൊഴിലുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. 1,600 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t