ലണ്ടൻ:
കല്ലുപ്പാറക്കാർ എന്ന വികാരമാണ് അവരെ ഒന്നിപ്പിച്ചത്. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ എന്ന ഗ്രാമത്തിൽ നിന്നുള്ളവർ ഒക്ടോബർ 25 ആം തിയതി ലെസ്റ്ററിൽ ഒന്നിച്ചപ്പോൾ അത് ആ നാടിനോടുള്ള ആദരവ് കൂടിയായി.
മതേതരത്വത്തിന് പേരുകേട്ട നാടാണ് കല്ലൂപ്പാറ. പള്ളിയിലെയും അമ്പലത്തിലേയും പെരുന്നാളും ഉത്സവവും ഒന്നായി ഏറ്റെടുത്തു ആഘോഷിക്കുന്ന നാട്. ജാതി- മത വ്യത്യാസങ്ങൾക്ക് അതീതമായി കല്ലൂപ്പാറക്കാർ എന്ന വികാരം നെഞ്ചിലേറ്റിയവർ . ആ നാട്ടിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറിയവർ നിരവധിയാണ്. അത്തരത്തിൽ യുകെയിൽ എത്തിയ കല്ലൂപ്പാറക്കാരാണ് ലെസ്റ്ററിൽ ഒത്തുകൂടിയത്.
"എൻ്റെ നാട് കല്ലൂപ്പാറ ” എന്ന പേരിലാണ് യുകെയിലെ പ്രഥമ കുടുംബ സംഗമം നടത്തിയത്. നാൽപതോളം കുടുംബങ്ങളിൽ നിന്നും എഴുപതിൽ അധികം പേർ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. യുണൈറ്റഡ് കല്ലൂപ്പാറയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. കുട്ടികളുടേയും മുതിർന്നവരുടേയും കലാ പരിപാടികൾ ചടങ്ങിന് മിഴിവേകി.
ആദ്യകാലങ്ങളിൽ കല്ലൂപ്പാറയിൽ നിന്നും യുകെയിൽ എത്തി ജീവിതം കെട്ടിപ്പടുത്തിയവരുടെ അനുഭവ വിവരണം വേറിട്ടതയിരുന്നു. തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും തരണം ചെയ്ത പ്രതിസന്ധികളും പങ്കുവച്ചപ്പോൾ പലരും വികാരാധീനരായി. ആ അനുഭവങ്ങൾ പുതുതലമുറയിലെ പലർക്കും പ്രചോദനമായിരുന്നു.
ഒപ്പം പുതുതായി ഇവിടെ എത്തിചേർന്നവരും അവരും അനുഭവങ്ങളും പങ്കുവെച്ചു. സഹായഹസ്തം വേണ്ടവർക്ക് അത് ലഭിച്ചതോടെ കൂട്ടായ്മ പരസ്പര സഹകരണത്തിൻ്റെ മറ്റൊരു മാതൃക കൂടി തീർത്തു.
കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ചടങ്ങിൽ നടന്നു. യുണൈറ്റഡ് കല്ലൂപ്പാറയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ വിപുലമായ കുടുംബ സംഗമം നടത്തുന്നതിനും ധാരണയായി. യുകെയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള കൂടുതൽ കല്ലൂപ്പാറക്കാരെ ഒരുമിപ്പിക്കാനുള്ള ഉദ്യമം ഭാരവാഹികൾ നടത്തും.
ഒരു നാടിന്റെ കൂട്ടായ്മ എന്നതിലുപരി പരസ്പരം സഹായത്തിന്റെയും സഹകരണത്തിന്റെയും വേദി കൂടിയായി തങ്ങളുടെ കൂട്ടായ്മയെ മാറ്റണമെന്നാണ് ആഗ്രഹം എന്ന് ഭാരവാഹികൾ പറഞ്ഞു.
സന്തോഷവും സൗഹൃദവും കളിയും ചിരിയുമായി ഒരുപിടി നല്ല ഓർമകളാൽ സമ്പന്നമായിരുന്നു "എന്റെ നാട് കല്ലൂപ്പാറ "എന്ന കുടുബ സംഗമം. ഇനിയും ഇതുപോലുള്ള കൂട്ടായ്മകൾ ഉണ്ടാകാൻ യുണൈറ്റഡ് കല്ലൂപ്പാറ പ്രചോദനം ആകട്ടെ എന്നും ഭാരവാഹികൾ പ്രതിക്ഷ പങ്കുവെച്ചു.