വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച്, മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കി പൊതുജനങ്ങളില്‍ നിന്നു ധനസമാഹരണം നടത്തി ബിസിനസുകാരന്‍ ചമയുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍.
ജുവല്ലറി ബിസിനസില്‍ നിന്നും തുടങ്ങി റിസോര്‍ട്ടും പലിശ സ്ഥാപനവും അടക്കം നടത്തിയ ബോബിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോൾ, ഷെറി ജോസഫ് എന്ന റിസോര്‍ട്ട് ഉടമയാണ് ബോബിയുമായി നിയമ പോരാട്ടം നടത്തി ബോബിയുടെ സാമ്പത്തിക ഇടപാടുകളുടെ പൊള്ളത്തരങ്ങളും ശൈലിയും പുറത്തു കൊണ്ടുവന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് ജപ്തി ചെയ്യുന്നത് വരെ എത്തിയത് ഷെറിയുടെ നിയമ വ്യവഹാരങ്ങളാണ്.
ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ പേരില്‍ ഷെറിയുടെ റിസോര്‍ട്ട് വാടകയ്ക്ക് എടുത്തു ബോബി ചെമ്മണ്ണൂര്‍ വാടക നല്‍കാതെ കബളിപ്പിച്ചു എന്ന കേസിലാണ് ജപ്തി നടപടി ഉണ്ടായിരിക്കുന്നത്. ഷെറിയുടെ നിയമ പോരാട്ടം ബോബിയുടെ ബിസിനസ് സാമ്രാജ്യത്തില്‍ നടക്കുന്ന തട്ടിപ്പുകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ആലപ്പുഴയിലെ പഗോഡ, ഹവേലി തുടങ്ങിയ റിസോര്‍ട്ടുകളുടെ ഉടമയാണ് ഷെറി. 2018ല്‍ ബോബി ചെമ്മണ്ണൂര്‍ ഷെറിയുടെ ഹവേലി റിസോര്‍ട്ടില്‍ എത്തുകയും ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ ഭാഗമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
ഇതിനായി ഷെറിയുമായി ബോബിയുടെ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെട്ടു. 14 ലക്ഷം രൂപ പ്രതിമാസ വാടക ഇനത്തിലാണ് ബോബിയുമായി കരാറിലായത്. തുടര്‍ന്ന് ചില അറ്റകുറ്റപ്പണികള്‍ ഒക്കെ നടത്തി ഹവേലി റിസോര്‍ട്ട് ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടായി രൂപമാറ്റം വരുത്തുകയും ചെയ്തു. ആദ്യകാലത്ത് ഷെറി ജോസഫിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ആറ് മാസത്തോളം കൃത്യമായി തന്നെ വാടക തുക ലഭിച്ചു. എന്നാല്‍, പിന്നീട് ഈ തുക ലഭിക്കാതെയായി. കോവിഡ് കാലമായിരുന്നു എന്നാണ് ഇതിനാ കാരണമായി പറഞ്ഞത്. ഇതോടെ റിസോര്‍ട്ടിനായി എടുത്ത ലോണ്‍ അടക്കം ഷെറിയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഷെറിയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തഞ്ചത്തില്‍ റിസോര്‍ട്ട് സ്വന്തമാക്കാനായിരുന്നു ബോബിയുടെ ശ്രമം. ഇങ്ങനെ കുടിശ്ശിക പെരുകിയതോടെയാണ് കരാര്‍ പ്രകാരമുള്ള ആര്‍ബിട്ടറേഷന്‍ നടപടികളിലേക്ക് ഷെറി കടന്നത്. ഇതിനോടകം അഞ്ച് കോടിയോളമായി ഈ കുടിശ്ശിക തുക ഉയര്‍ന്നിരുന്നു. ആര്‍ബിട്രേഷന്‍ നടപടികള്‍ക്കായി പണം കെട്ടിവെക്കുന്നതില്‍ അടക്കം ബോബി വീഴ്ച്ച വരുത്തിയിരുന്നു. എന്നാല്‍, ഷെറി തന്നെ മുന്‍കൈയെടുത്ത് ഈ പണം കെട്ടിവെച്ചതോടെ ആര്‍ബിട്രേഷന്‍ നടപടികള്‍ മുന്നോട്ടു പോയി. തുടര്‍ന്ന് അഞ്ചു കോടിയിലധികം വാടക കുടിശ്ശിക റിസ്സോര്‍ട്ട് ഉടമക്ക് നല്‍കണം എന്ന ജസ്റ്റിസ് കെ കെ ദിനേശന്റെ ആര്‍ബിട്രഷന്‍ വിധിക്കുകയും ചെയ്തു.
ഇങ്ങനെ അഞ്ച് കോടി ഈടാക്കന്‍ ഷെറി ജോസഫ് ശ്രമം തുടങ്ങിയപ്പോഴാണ് ബോബിയുടെ തട്ടിപ്പുകളെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നത്. ബോബിയുടെ റോള്‍സ് റോയ്‌സ് കാറടക്കം മറ്റു സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയിരുന്നു. മാത്രമല്ല, സ്ഥാപനങ്ങളില്‍ പലതും ബിനാമികൾ ആണ് നടത്തുന്നതെന്നും ബോധ്യമായി. വാടക കരാറില്‍ ഒപ്പുവെച്ച കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ ശ്രമിച്ചപ്പോള്‍ ആ കമ്പനിയില്‍ ബോബിക്കും ഭാര്യക്കും പങ്കാളിത്തമില്ലെന്നാണ് മനസ്സിലായത്.
ഇതിനിടെ കരാര്‍ ഒപ്പിട്ട കമ്പനി ഇടുക്കി ജില്ലയില്‍ സാഗരിക എന്ന പേരില്‍ ഒരു റിസോര്‍ട്ട് കമ്പനി ഏറ്റെടുത്തിരുന്നു. ഈ പ്രോപ്പര്‍ട്ടിയെ കുറിച്ച് മനസ്സിലാക്കി ഇവിടെ ക്ലെയിം ഉന്നയിക്കുയാണ് ഷെറി ജോസഫ് ചെയ്തത്. ഇതിനായി ഇടുക്കി കോടതിയെ സമീപിച്ചു. ഇതോടെ അഞ്ച് കോടി നല്‍കാന്‍ വിസമ്മതിച്ചതിന് ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പീരുമേട്ടിലെ സാഗരിക റിസ്സോര്‍ട്ട് കട്ടപ്പന സബ് കോടതി ജപ്തി ചെയ്യുക ആണ് ഉണ്ടായത്. ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള പഴയ റോള്‍സ് റോയ്‌സ് കാര്‍ ജപ്തിചെയ്യാനുള്ള അപേക്ഷ ബന്ധപ്പെട്ട കോടതിയില്‍ സമര്‍പ്പിക്കുവാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കോടതി റിസോര്‍ട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ഇനി കോടതി ഈ വസ്തു ലേലത്തില്‍ വെച്ചതിന് ശേഷം ഈ തുക ഷെറി ജോസഫിന് നല്‍കും. ബോബിയുടെ ബിസിനസ് തന്ത്രങ്ങങ്ങളില്‍ ഒളിപ്പിച്ച തട്ടിപ്പുകളെ കുറിച്ചാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ക്ലബ് ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ പേരില്‍ ഇത്തരത്തില്‍ വാടകയ്ക്ക് പ്രോപ്പര്‍ട്ടി വിട്ടുകൊടുത്ത് വെട്ടിലായവര്‍ വേറെയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഷെറിയുടെ നിയമ പോരാട്ടം ചെമ്മണ്ണൂരിന്റെ ചീട്ടുകൊട്ടാരങ്ങളുടെ തകര്‍ച്ചയുടെ തുടക്കമായിട്ടാണ് പൊതുവേ വിലയിരുത്തുന്നത്.
നിയമ പോരാട്ടത്തിനായി വലിയ തുക മുടക്കാന്‍ ഷെറി ജോസഫിന് കഴിഞ്ഞതു കൊണ്ടാണ് ബോബിയെ മുട്ടുകുത്തിക്കാന്‍ സാധിച്ചത്. പലപ്പോഴും കെണികള്‍ അറിയാതെ ബോബിയുടെ വാക്കുകളില്‍ വിശ്വസിച്ചു വെട്ടിലാകുന്നവരാണ് ഏറെയും. നിയമ വഴിയിലെ യാത്രയില്‍ ഇനിയും പ്രതിബന്ധങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയാണ് ഷെറി മുന്നോട്ടു പോകുന്നതും.
ക്ലബ് ഓക്‌സിജന്‍ എന്ന പേരില്‍ ബോബി ചെമ്മണ്ണൂർ തുടങ്ങിയ റിസോര്‍ട്ട് ശൃംഖലയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നു ...
Advertisement

Advertisement

Advertisement

