കുട്ടികൾക്ക് വിപണിയിൽ ലഭ്യമായ പലവിധ ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കാറുണ്ട്. എന്നാൽ, കുട്ടികൾക്ക് യഥാർത്ഥത്തിൽ ആവശ്യമായ പോഷകങ്ങൾ അതിലൂടെ ലഭിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
സാധാരണയായി കുഞ്ഞ് ജനിച്ച് രണ്ടുവയസാകുമ്പോഴേക്കും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങളോടൊപ്പം പുറത്തുനിന്നുള്ള ഭക്ഷണങ്ങളും തുടങ്ങുന്നു. ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് കാർബോഹൈഡ്രേറ്റുകളാണ്. എന്നാൽ, അവർക്കാവശ്യമായ കൊഴുപ്പും (Fat) പ്രോട്ടീനും (Protein) ആവശ്യത്തിന് ലഭിക്കുന്നില്ല. ഇതാണ് പല കുട്ടികളിലും ശരീരം ശോഷിച്ച് വയർ മാത്രം വീർത്തുകാണപ്പെടാനുള്ള പ്രധാന കാരണം.
കുട്ടികളുടെ ഭക്ഷണത്തിൽ മൂന്നിൽ ഒന്ന് കൊഴുപ്പും, മൂന്നിൽ ഒന്ന് പ്രോട്ടീനും, ശേഷിച്ചത് കാർബോഹൈഡ്രേറ്റുമാകണം. പ്രത്യേകിച്ച് തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും വളർച്ചയ്ക്ക് കൊഴുപ്പ് അനിവാര്യമാണ്. വിറ്റാമിൻ A, D, E, K എന്നിവ ശരീരത്തിൽ പ്രവർത്തനക്ഷമമാകാൻ കൊഴുപ്പ് ആവശ്യമാണ്. ഉദാഹരണത്തിന്, കാരറ്റിലെ വിറ്റാമിൻ A കുട്ടി ആഗിരണം ചെയ്യണമെങ്കിൽ ഭക്ഷണത്തിൽ ഫാറ്റ് ഉണ്ടായിരിക്കണം.
കുട്ടികളുടെ ഉയർന്ന ശാരീരിക ചടുലതയ്ക്കും ആവശ്യമായ ഊർജത്തിനും കൊഴുപ്പ് തന്നെ മികച്ച ഉറവിടമാണ്. കാർബോഹൈഡ്രേറ്റിനേക്കാൾ ഇരട്ടി എനർജി കൊഴുപ്പിൽ നിന്ന് ലഭിക്കുന്നു. അതിനാൽ, കുട്ടികളുടെ ഭക്ഷണത്തിൽ തൈര്, മുട്ട, നെയ്യ്, പാൽ, വെണ്ണ, വെളിച്ചെണ്ണ, തേങ്ങാപ്പാൽ, മീൻ, ഇറച്ചി, നട്‌സ് തുടങ്ങിയ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
ഇതോടൊപ്പം തന്നെ പ്രോട്ടീനും സമമായി നൽകണം. പ്രത്യേകിച്ച് രാവിലെ പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിന് പ്രാധാന്യം നൽകുക. പുറത്തുനിന്നുള്ള പ്രോസസ്സ്ഡ് ഫുഡ് പരമാവധി ഒഴിവാക്കി, വീട്ടിൽ തന്നെ ആരോഗ്യകരമായ ഭക്ഷണ കോമ്പിനേഷനുകൾ തയ്യാറാക്കാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ അമിതവണ്ണമോ കുടവയറോ ഇല്ലാതെ, ആരോഗ്യകരമായ ശരീരത്തോടും മനസ്സിനോടും കൂടിയ കുട്ടികളെ വളർത്താൻ സാധിക്കും.
കുട്ടികളുടെ ആരോഗ്യം : മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത് ...
Advertisement

Advertisement

Advertisement

