പണ്ടുകാലത്ത് നമ്മുടെയൊക്കെ വീടുകളിൽ സുലഭമായിരുന്നു കാച്ചിൽ. ദിനംപ്രതി കാച്ചിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമായിരുന്നു.
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമാണ് ഈ കിഴങ്ങു വർഗം. ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു, ഭാരം നിയന്ത്രിക്കുന്നു, നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുന്നു തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങളും കാച്ചിലിനുണ്ട്.
ക്രീം മുതൽ പർപ്പിൾ വരെ വ്യത്യസ്ത നിറങ്ങളിലുള്ള കാച്ചിൽ ഉണ്ട്. Dioscorea alata എന്നാണ് കാച്ചിലിന്റെ ശാസ്ത്രീയ നാമം. കാച്ചിലിന്റെ ഉത്ഭവം അജ്ഞാതമാണെങ്കിലും, ന്യൂ ഗിനിയയിലും ഫിലിപ്പീൻസിലും ഇത് ഉത്ഭവിച്ചതാകാമെന്നാണ് പുരാവസ്തു തെളിവുകൾ സൂചിപ്പിക്കുന്നത്. കാച്ചിലിൽ ഉയർന്ന നാരുകളും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും കുറഞ്ഞ പഞ്ചസാരയും ഉണ്ട്.
കാച്ചിലിന്റെ ആരോഗ്യ ഗുണങ്ങൾ നോക്കാം.
പൊട്ടാസ്യം പോലുള്ള ധാതുക്കളാൽ സമ്പന്നമാണ് കാച്ചിൽ. ഇത് രക്തയോട്ടം വർധിപ്പിക്കും. പൊട്ടാസ്യം ഒരു വാസോആക്ടീവ് ആണ്, ഇത് രക്തയോട്ടം വർധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. കൂടാതെ കാച്ചിലിൽ ഉള്ള ആന്തോസയാനിൻ രക്തചംക്രമണത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആന്തോസയാനിൻ അടങ്ങിയ ഭക്ഷണങ്ങൾ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ദഹന പ്രശ്നങ്ങൾ അകറ്റും
കാച്ചിലിലെ പെക്റ്റിൻ (ലയിക്കുന്ന നാരുകൾ) ദഹനത്തെ പ്രോത്സാഹിപ്പിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മലബന്ധത്തിനുള്ള ഫലപ്രദമായ ചികിത്സയും പ്രതിരോധ മാർഗവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കുടൽ അണുബാധയെ തടയുന്നതിനോ ചികിത്സിക്കുന്നതിനോ ഉള്ള സവിശേഷ ഗുണങ്ങളും പെക്റ്റിനുണ്ട്.
കാൻസർ സാധ്യത കുറയ്ക്കും
കാച്ചിലിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകൾ റിയാക്ടീവ് ഓക്‌സിജൻ സ്‌പീഷീസുകളെ ഇല്ലാതാക്കുകയും ഡിഎൻഎ കേടുപാടുകൾ പരിഹരിക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ശരീര ഭാരം കുറയ്ക്കാൻ
കാച്ചിലിൽ നാരുകൾ കൂടുതലാണ്. കലോറി ഉപഭോഗം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. നാരുകളുള്ള ഭക്ഷണങ്ങൾ നിങ്ങളെ തൃപ്തിപ്പെടുത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. ഇവയിൽ കലോറി കുറവാണ്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മസ്തിഷ്കാരോഗ്യത്തിന്
ആന്തോസയാനിൻ ധാരാളം കാച്ചിലിൽ അടങ്ങിയിട്ടുണ്ട്. പല ആന്തോസയാനിനുകളും ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതാണ്. തലച്ചോറിന്റെ പ്രവർത്തനവും ന്യൂറോണുകളുടെ വളർച്ചയുമായി ബന്ധപ്പെട്ട ഒരു സംയുക്തമായ ഡയോസ്ജെനിൻ കാച്ചിലിൽ അടങ്ങിയിട്ടുണ്ട്.
Disclaimer:
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
