breaking news New

സാങ്കേതികവിദ്യയുടെ വികാസം മനുഷ്യരാശിക്ക് ഉപകാരപ്രദമാകുന്നതിനൊപ്പം എങ്ങനെ ഉപദ്രവകരമായി മാറുന്നുവെന്നതിന്റെ പ്രധാന ഉദാഹരണമായിരുന്നു ഡീപ് ഫേക്ക് : സൂക്ഷിക്കുക !! ഇനി എഐ അധിഷ്ഠിത പോണ്‍ വീഡിയോകളുടെ കാലം !!

സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഡീപ് ഫേക്കിനെ ഭയപ്പെട്ടു. രശ്മിക മന്ദാനയുടേതെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രശസ്തരായ വ്യക്തികളെ തേജോവധം ചെയ്യുക, സാമ്പത്തിക തട്ടിപ്പ് നടത്തുക എന്നീ ദുരുദ്ദേശത്തോടെയാണ് ഡീപ് ഫേക്ക് അശ്ലീല വീഡിയോകള്‍ നിര്‍മിക്കപ്പെട്ടത്. യൂട്യൂബ് ഇന്‍ഫ്ളുവന്‍സറായ 26 കാരി ഗാബി ബെല്ല, നടിയും എഴുത്തുകാരിയുമായ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ടോം ഹാങ്ക്സ് തുടങ്ങിയവരൊക്കെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായവരാണ്. എന്നാല്‍ ഇനിയുള്ള കാലത്ത് ഡീപ് ഫേക്ക് ഒന്നുമല്ല. എഐ അധിഷ്ഠിത പോണ്‍ വീഡിയോകളുടെ അതിപ്രസരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വെറുമൊരു സാങ്കേതികവിദ്യ ദുരുപയോഗം എന്നതില്‍ ഉപരി ആധുനിക സമൂഹത്തില്‍ ഡിജിറ്റല്‍ വ്യക്തിത്വം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന വലിയ ചോദ്യവുമാണ് ഉയര്‍ത്തുന്നത്.

മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ കൃത്രിമ വീഡിയോകളും ചിത്രങ്ങളും രൂപപ്പെടുത്താന്‍ കംപ്യൂട്ടര്‍ സഹായത്തോടെ, എഡിറ്റിങ്-ഗ്രാഫിക്‌സ് വൈദഗ്ദ്യമുള്ളവരുടെ പ്രവര്‍ത്തനം ആവശ്യമായിരുന്നു. എന്നാല്‍ ഈ എഐ കാലത്ത് ഏതൊരു സാധാരണക്കാരനും, വളരെ എളുപ്പത്തില്‍ മിനിട്ടുകള്‍കൊണ്ട് കൃത്രിമ വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കാനാകും. നേരത്തെ കുറ്റവാസനയുള്ളവരാണ് ഇത്തരത്തില്‍ മറ്റുള്ളവരുടെ അശ്ലീലച്ചുവയുള്ള വീഡിയോകള്‍ നിര്‍മിച്ച് ദുരുപയോഗം ചെയ്തിരുന്നതെങ്കില്‍ ഇനിയുള്ള കാലത്ത്, ഏതൊരാളും മറ്റൊരാളോട് വിദ്വേഷമുണ്ടെങ്കില്‍, അവരെ തേജോവധം ചെയ്യുകയെന്ന ഉദ്ദേശത്തോടെ കൃത്രിമവീഡിയോകള്‍ നിര്‍മിക്കുന്ന സ്ഥിതിവിശേഷം ഉടലെടുക്കും.

ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് സജ്ജമാക്കുന്നതിനേക്കാള്‍ കുറഞ്ഞ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് ഇത്തരത്തില്‍ കൃത്രിമ വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കാനാകുമെന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ കാര്യം. സാങ്കേതികവിദ്യയുടെ അപകടകരമായ വശം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വളരെ വലുതായിരിക്കും.

ഡീപ് ഫേക്ക് വിവാദം കത്തിനിന്നപ്പോള്‍, ഇത് കൂടുതലും സെലിബ്രിറ്റികളെ ബാധിക്കുന്ന വിഷയമാണെന്നായിരുന്നു പൊതുധാരണ. എന്നാല്‍ കൂടുതല്‍ എഐ ടൂളുകള്‍ വന്നതോടെ സ്ഥിതി മാറുകയാണ്. സാധാരണക്കാരായ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വ്യക്തിപരമായ ശേഖരത്തിലുള്ളതും, സോഷ്യല്‍ മീഡിയയില്‍നിന്ന് എടുത്തതുമായ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്ന സ്ഥിതിവിശേഷം കൂടിവരികയാണ്. അടുത്തകാലത്തായി എഐ വഴി നിര്‍മിച്ച പോണ്‍ ചിത്രങ്ങളില്‍ 80 ശതമാനവും ഇത്തരത്തില്‍ സാധാരണക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ജോലിക്കുവേണ്ടിയുള്ള ആപ്പുകള്‍, ഡേറ്റിംഗ് ആപ്പ് എന്നിവ വഴിയാണ് കൂടുതല്‍ സാധാരണക്കാരും ഇരകളാകുന്നത്. ഒരു തവണ ഇരയാക്കപ്പെട്ടാല്‍ അത്ര എളുപ്പം അതില്‍നിന്ന് രക്ഷപ്പെടാനാകില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഒരു സൈറ്റില്‍ നിന്ന് ഇത്തരത്തിലുള്ള അശ്ലീല ഉള്ളടക്കം നീക്കം ചെയ്താലും, അതിന്റെ പകര്‍പ്പുകള്‍ അനിശ്ചിതമായി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു.

ഒരാളെ തോജേവധം ചെയ്യാനായി എഐ സഹായത്തോടെ നിര്‍മിക്കുന്ന അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നു. ഈ ചിത്രങ്ങള്‍ ചിലപ്പോഴെങ്കില്‍ ആധികാരിക മാധ്യമങ്ങള്‍ തെറ്റിദ്ധരിച്ച് വാര്‍ത്തകള്‍ക്കായും മറ്റും ഉപയോഗിക്കുന്ന സ്ഥിതിവിശേഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു അര്‍ഥത്തില്‍ ജനാധിപത്യത്തിനും പത്രപ്രവര്‍ത്തനത്തിനും ഒരു വ്യക്തിയുടെ വിശ്വാസ്യതയ്ക്കും ഭീഷണിയായി ഇത് മാറുന്നു. സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് എത്തുന്നത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരാജകത്വം വളരെ വലുതായിരിക്കും.

എഐ അധിഷ്ഠിത പോണ്‍ വീഡിയോകള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ ആധുനിക സമൂഹം മറികടക്കണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

ഇതില്‍ ഏറ്റവും പ്രധാനം സമൂഹം ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുകയെന്നതാണ്. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ മാത്രമല്ല, അതിന്റെ ദുരുപയോഗത്തെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കാന്‍ കഴിയണം. ഇതിനായി വിദ്യാഭ്യാസ സംവിധാനങ്ങളെ ഉള്‍പ്പടെ പ്രാഥമികതലം മുതല്‍ പൊളിച്ചെഴുതേണ്ടിവരും. ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യമിട്ടുള്ള പാഠ്യപദ്ധതി ആവിഷ്‌ക്കരിക്കേണ്ടതിനും പ്രാധാന്യമേറെയാണ്. എഐ വളരുന്നതിനൊപ്പം തന്നെ ധാര്‍മ്മികത ഉറപ്പുവരുത്തുന്നതിനായി ഉത്തരവാദിത്ത മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പരിഗണിക്കേണ്ട കാര്യമാണ്. ഇത് ഉപയോക്താക്കള്‍ മുതല്‍ എഐ സ്ഥാപനം വരെ അതുമായി ബന്ധപ്പെടുന്ന ഓരോരുത്തരും പിന്തുടരുകയും വേണം. ഒരു സമൂഹമെന്ന നിലയില്‍, കൃത്രിമ വീഡിയോ നിര്‍മിക്കുന്ന സ്ഥിതിവിശേഷം വര്‍ദ്ധിച്ചുവരുമ്പോള്‍, മനുഷ്യന്റെ അന്തസ് ഹനിക്കുന്നത് കാണാതെ പോകാന്‍ കഴിയില്ല.

അതുകൊണ്ടുതന്നെ കൃത്യവും വ്യക്തവുമായി ഈ പ്രശ്‌നത്തെ നേരിടുന്നതിന് ക്രിയാത്മകമായ നടപടികളിലേക്ക് പൊതുസമൂഹം കടക്കാന്‍ ഇനിയും വൈകരുത്.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5