breaking news New

യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച കര്‍ക്കശ നിലപാടില്‍ അയവുവരുത്തി കൊല്ലപ്പെട്ടയാളുടെ കുടുംബം

നിമിഷപ്രിയയെ വധിക്കണമെന്നില്ലെന്നും പകരം ചെയ്ത കുറ്റത്തെയോര്‍ത്തു പശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നുമാണിപ്പോള്‍ കുടുംബത്തിന്റെ നിലപാടെന്നാണു വിവരം ലഭിച്ചത്. അതിനു കുറെക്കാലം ജയിലില്‍ തന്നെ പാര്‍പ്പിക്കണമെന്ന നിലപാട് കുടുംബം അവിടത്തെ അധികൃതരെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ട തലാല്‍ അബ്‌ദോ മഹ്ദയുടെ പ്രവൃത്തികള്‍ ശരിയല്ലെന്നും അതില്‍ നിമിഷപ്രിയ സഹികെട്ടിരുന്നതായും കുടുംബം മനസിലാക്കിയ സാഹചര്യത്തിലാണു വിട്ടുവീഴ്ച ചെയ്യാൻ അവര്‍ തയാറായതെന്നാണു വിവരം. കുടുംബവുമായി ബന്ധപ്പെട്ടു ചര്‍ച്ചനടത്തുന്ന കേന്ദ്രങ്ങളില്‍ നിന്നാണു ഈ വിവരം പുറത്തുവന്നത്. അതിനിടെ, മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെട്ടു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണു സംസാരിച്ചത്. മസ്‌കത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ചയായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയാണ് വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ കഴിയുന്നതു ചെയ്യാമെന്നാണു ഹൂതി നേതാവ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു. യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണു ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ അമ്മ നിലവില്‍ യമനില്‍ തങ്ങുകയാണ്.

നിമിഷപ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചര്‍ച്ചയായിരുന്നു. യമനില്‍ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയുടെ മോചനം ജോണ്‍ ബ്രിട്ടാസ് എം.പിയാണു രാജ്യസഭയില്‍ ഉന്നയിച്ചത്. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനു കൈമാറിയെന്നും കേന്ദ്രമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഇതു തെറ്റാണെന്നാണു ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കിയത്.

ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി.

ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ടു കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷപ്രിയക്കു 2020 ലാണു വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നതു തടസപ്പെട്ടതിനു പിന്നാലെയാണു യമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5