breaking news New

ഡിജിറ്റല്‍ അറസ്റ്റിന്റെ ഞെട്ടിക്കുന്ന കേസില്‍, മുംബൈയില്‍ ഇരുപത്തിയാറുകാരിയെ വീഡിയോ കോളിനിടെ നഗ്നയാക്കി കബളിപ്പിച്ചു !!

കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിനിടെ യുവതിയുടെ പേര് ഉയര്‍ന്നുവന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച തട്ടിപ്പുകാര്‍ 1.7 ലക്ഷം രൂപ തട്ടിയെടുത്തതായും പോലീസ്. ബോറിവാലി ഇൗസ്റ്റില്‍ താമസിക്കുന്ന യുവതി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലിക്കാരിയാണ്.

ഇക്കഴിഞ്ഞ 19-നാണ് ഡല്‍ഹി പോലീസ് ഓഫീസര്‍മാരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാര്‍ വിളിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേര് ഉയര്‍ന്നുവന്നെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു.

അറസ്റ്റ് ചെയ്യുമെന്ന് സംഘം ഭീഷണിപ്പെടുത്തി. സംഭാഷണം പിന്നീട് വീഡിയോ കോളിലേക്കു മാറി. യുവതി 'ഡിജിറ്റല്‍ അറസ്റ്റില്‍' ആണെന്ന് അവളോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരാന്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തുകഴിഞ്ഞാല്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാന്‍ 1,78,000 രൂപ കൈമാറണമെന്ന് ആവശ്യപ്പെട്ടു.

ബോഡി വെരിഫിക്കേഷന്‍ ആവശ്യമാണെന്ന് പറഞ്ഞ് വീഡിയോ കോളിനിടെ യുവതിയെ തുണിയഴിപ്പിച്ചു. തുക കൈമാറിയ ശേഷമാണ് യുവതിക്കു സംശയം തോന്നിയതും അവര്‍ പോലീസില്‍ പരാതിപ്പെട്ടതും. ഭാരതീയ ന്യായ സന്‍ഹിത്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ടെക്‌സ്‌റ്റൈല്‍ ഭീമനായ വര്‍ധമാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പോള്‍ ഓസ്വാലിനെ കബളിപ്പിക്കാനും തട്ടിപ്പുകാര്‍ നരേഷ് ഗോയലിന്റെ പേര് നേരത്തെ ഉപയോഗിച്ചിരുന്നു. 'ഡിജിറ്റല്‍ അറസ്റ്റില്‍' ആണെന്ന് ഒക്‌ടോജെനേറിയനെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ വ്യാപകമായതിനു പിന്നാലെ പ്രധാനമന്ത്രിയടക്കം ഇതിനെതിരേ ജാഗ്രതാ സന്ദേശവുമായി രംഗത്തുവന്നിരുന്നു. അങ്ങനെയൊരു അറസ്‌റ്റേ ഇന്ത്യയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളടക്കം കൃത്യമായ ജാഗ്രതാനിര്‍ദേശം നല്‍കുന്നതിനിടെയാണ് വീണ്ടും സമാന തട്ടിപ്പുകള്‍ പൊടിപൊടിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5