കോട്ടയം: ഓർത്തഡോക്സ് സഭയും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തി നടത്തിയ അനുനയ നീക്കത്തിന് പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സഭയുടെ നിലപാടിൽ മാറ്റമുണ്ടായില്ല. പള്ളിത്തർക്കങ്ങളിൽ നീതി ഉറപ്പാക്കാതെ സമാധാന ചർച്ചകളുമായി മുന്നോട്ടുപോകാനാകില്ലെന്ന് സഭ മുഖ്യമന്ത്രിയെ അറിയിച്ചു.
മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിൽ പാത്രിയർക്കീസ് ബാവ നടത്തിയ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സഭാനേതൃത്വം വ്യക്തമാക്കി. പള്ളികളിലെ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ സഭയ്ക്ക് വലിയ വേദനയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ടെന്ന് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ അറിയിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ ഉറപ്പിൽ മാത്രം തൃപ്തിപ്പെടാൻ സഭ തയ്യാറായിട്ടില്ല. മണർകാട്, കോതമംഗലം പള്ളികളിലെ പ്രവേശനം നിയമവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സഭ, അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തോടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സമാധാന ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്ന നിയമോപദേശം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടോയെന്ന് സംശയിക്കുന്നതായും സഭ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
സർക്കാരിനുള്ളിൽ നിന്നുതന്നെ സഭാ സമാധാന നീക്കങ്ങൾക്ക് തടസ്സങ്ങളുണ്ടാകുന്നുവെന്ന പരാതിയും കൂടിക്കാഴ്ചയിൽ ഉയർന്നു. കൂത്താട്ടുകുളം ആട്ടിൻകുന്ന് പള്ളിയിലെ തർക്കവും സഭ ഗൗരവത്തോടെയാണ് കാണുന്നത്. കോടതി വിധി നടപ്പാക്കിയിട്ടും അവിടെ സംഘർഷാവസ്ഥ തുടരുന്നതിൽ സഭ അതൃപ്തി അറിയിച്ചു. വിഷയത്തിൽ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പങ്കാളിത്തം സംബന്ധിച്ച ആശങ്കയും നേതൃത്വമുന്നയിച്ചു. പരാതി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് അനുകൂലമായ അന്തരീക്ഷമില്ലെന്നാണ് സഭയുടെ വിലയിരുത്തൽ. ആദ്യം അക്രമങ്ങൾ അവസാനിപ്പിച്ച് പള്ളികളിൽ സമാധാനം പുനഃസ്ഥാപിക്കണം. അതിനുശേഷം വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ ചർച്ചകൾ നടത്താമെന്നും സഭ വ്യക്തമാക്കി.
ചർച്ചകൾക്ക് സഭ എക്കാലവും തയ്യാറാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അനുനയ നീക്കങ്ങളോട് സഹകരിക്കാൻ പ്രയാസമുണ്ടെന്ന് വൈദിക ട്രസ്റ്റി ഫാദർ തോമസ് വർഗീസ് അമയിൽ പറഞ്ഞു. മുറിവേറ്റവർക്ക് നീതി ലഭ്യമാക്കാതെ സമാധാന ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യാക്കോബായ സഭയുമായുള്ള പള്ളിത്തർക്കങ്ങളും പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമാണ് ഓർത്തഡോക്സ് സഭയും സർക്കാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. ഇതിന് പിന്നാലെ ആട്ടിൻകുന്ന് പള്ളിയിലെ തർക്കംകൂടി രൂക്ഷമായതോടെ അസ്വാരസ്യങ്ങൾ വർധിച്ചു.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ദേവലോകം അരമനയിലെത്തി കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം കാതോലിക്കാ ബാവയോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തർക്കങ്ങൾക്ക് പരിഹാരം കാണാനുമുള്ള സർക്കാരിന്റെ നീക്കമായിരുന്നു കൂടിക്കാഴ്ച. എന്നാൽ നിയമലംഘനങ്ങൾ ആവർത്തിക്കില്ലെന്ന ഉറപ്പിനപ്പുറം, നിലവിലുള്ള പ്രശ്നങ്ങളിൽ നീതിയും പ്രായോഗിക പരിഹാരവും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഓർത്തഡോക്സ് സഭ.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനുശേഷവും സഭാ-സർക്കാർ ഭിന്നതയ്ക്ക് തൽക്കാലം അയവില്ലെന്നാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും ഫലം കണ്ടില്ല ; ഓർത്തഡോക്സ് സഭയുടെ നിലപാടിൽ മാറ്റമില്ല : നീതി ലഭിക്കാതെ സമാധാന ചർച്ചയ്ക്കില്ല
Advertisement
Advertisement
Advertisement