തിരുവനന്തപുരം :
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ക്ഷാമമില്ലെന്നും 5000 മെഗാവാട്ട് വരെ വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ കെഎസ്ഇബി ഒരുക്കിയിട്ടുണ്ടെന്നുമാണ് ബോർഡിന്റെ വിലയിരുത്തൽ.
വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന തരത്തിൽ പ്രചാരണം നടന്നത് ബോധപൂർവമാണോ എന്ന സംശയത്തെ തുടർന്ന് മുൻ കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തിന്റെ നടപടികളിൽ അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് നിലവിലുള്ളത്.
ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി സർക്കാർ രണ്ടു തവണ കത്തയച്ച മുൻ ചെയർമാന്റെ നടപടികളാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിലവിലെ കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് ഐഎഎസിനും സ്വതന്ത്ര അംഗം ഒഴികെയുള്ള ഡയറക്ടർ ബോർഡ് പ്രതിനിധികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പരിശോധന പൂർത്തിയാക്കി അടിയന്തര റിപ്പോർട്ട് സർക്കാരിന് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി മുഖേന രാജമാണിക്യത്തോട് വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ അന്വേഷണത്തിനും നടപടികൾക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ആഭ്യന്തര ഉൽപാദനത്തിലൂടെ 1700 മെഗാവാട്ടും കേന്ദ്ര വിഹിതമായി 1650 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ 650 മെഗാവാട്ടും ലഭിക്കുന്നുണ്ട്. മധ്യകാല കരാറുകൾ വഴി 77 മെഗാവാട്ടും തത്സമയ വൈദ്യുതി വിപണിയിലൂടെ മുന്നൂറിലധികം മെഗാവാട്ടും ലഭ്യമാകുന്നു. ഇതിനു പുറമെ പവർ എക്സ്ചേഞ്ച് വഴി ആവശ്യാനുസരണം കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനും സാധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഡിസംബർ മാസം വരെ വൈദ്യുതി ക്ഷാമമുണ്ടാകില്ലെന്നാണ് കെഎസ്ഇബിയുടെയും വിദഗ്ധരുടെയും വിലയിരുത്തൽ.
നവംബറിൽ സംസ്ഥാനത്തെ പരമാവധി പ്രതിദിന വൈദ്യുതി ഉപഭോഗം 90.93 ദശലക്ഷം യൂണിറ്റാണ്. ഇതിൽ 12 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതിയുടെ ഭൂരിഭാഗവും പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്. എന്നിരുന്നാലും വൈദ്യുതി ലഭ്യതയിൽ തടസ്സങ്ങളില്ലാത്തതിനാൽ വിതരണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും സമീപകാല മഴ ആശ്വാസമാകുന്നുണ്ട്. 2025 നവംബറിൽ പ്രധാന ഡാമുകളിൽ 81 ശതമാനത്തിലധികം വെള്ളമുണ്ടായിരുന്നപ്പോൾ ഇത്തവണ ഇത് 66 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ കെഎസ്ഇബി നിയന്ത്രണത്തിലുള്ള ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലും സമീപ സംസ്ഥാനങ്ങളിലും മഴ ശക്തമായതോടെ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഇത് ആഭ്യന്തര വൈദ്യുതി ഉൽപാദനം ഉയർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ജനുവരി മുതൽ വൈദ്യുതി ലഭ്യതയിൽ കൂടുതൽ ആശ്വാസമുണ്ടാക്കുന്ന മറ്റൊരു കരാറും അന്തിമ ഘട്ടത്തിലാണ്. യൂണിറ്റിന് 5.18 പൈസ നിരക്കിൽ അടുത്ത 25 വർഷത്തേക്ക് 540 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന എൻടിപിസി കരാർ പത്തുദിവസത്തിനുള്ളിൽ ഒപ്പിടുമെന്നാണ് വിവരം. കരാർ യാഥാർഥ്യമാകുന്നതോടെ ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വൈദ്യുതി സുരക്ഷ കൂടുതൽ ശക്തമാകും.
എന്നാൽ വൈദ്യുതി ലഭ്യത സംബന്ധിച്ച ആശ്വാസകരമായ കണക്കുകൾക്കിടയിലും കെഎസ്ഇബിയിലെ തീരുമാനങ്ങൾ സർക്കാരും ബോർഡും തമ്മിലുള്ള ഭിന്നത പരസ്യമാക്കിയിരിക്കുകയാണ്.
ജിഎൻഎ വൈദ്യുതി കരാറുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന ബോർഡിന്റെ തീരുമാനത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അതൃപ്തി പരസ്യമാക്കി. കരാർ ഉപേക്ഷിക്കാനുള്ള തീരുമാനം മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന മന്ത്രിയുടെ പ്രതികരണം രാഷ്ട്രീയ-ഭരണതലങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ജിഎൻഎ കരാറിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത് നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. റഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിക്കാൻ സാധ്യതയില്ലെന്ന ബോർഡിന്റെ വിലയിരുത്തലാണ് കരാർ ഉപേക്ഷിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയും കെഎസ്ഇബി ചെയർമാനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചും താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി തുറന്നടിച്ചു. ബോർഡിന്റെ ദൈനംദിന കാര്യങ്ങൾ ചെയർമാൻ മന്ത്രിയുമായി ചർച്ച ചെയ്തിരുന്നെങ്കിലും വിവാദമായ ജിഎൻഎ വിഷയം ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് സൂചന.
സർക്കാരിനെയും ബന്ധപ്പെട്ട മന്ത്രിയെയും അറിയിക്കാതെ ബോർഡ് തലത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് മുൻ ചെയർമാന്റെ നടപടികളിലെ അന്വേഷണം കൂടി ആരംഭിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ കെഎസ്ഇബിക്കുള്ളിലെ അധികാര തർക്കവും സർക്കാരും ബോർഡും തമ്മിലുള്ള ഭിന്നതയും കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
CENTRAL MEDIA NEWS DESK | www.cmediaonline.in
വൈദ്യുതി പ്രതിസന്ധിയെന്ന പ്രചാരണം പൊളിയുന്നു ? സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമെന്ന വാദങ്ങൾക്ക് തിരിച്ചടി ; കെഎസ്ഇബിയുടെ പ്രവർത്തന കണക്കുകൾ പുറത്ത്
Advertisement
Advertisement
Advertisement