ജനങ്ങള്‍ക്ക് ആശ്വാസമായും സേവനങ്ങള്‍ പൂര്‍ണ്ണമായും സുതാര്യമാക്കാനും ലക്ഷ്യമിട്ട് മോട്ടോര്‍ വാഹനവകുപ്പിന്റെ 60 പ്രധാന സേവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കി മാറ്റി. ഇനി മുതല്‍ ലൈസന്‍സിനും ആര്‍.സിക്കുമൊക്കെയായി ഇടനിലക്കാരെ തേടിപ്പോയി പോക്കറ്റ് കാലിയാക്കേണ്ടതില്ല.
ഡ്രൈവിങ് ലൈസന്‍സും ആര്‍.സിയും ആധാറുമായി കൃത്യമായി ബന്ധിപ്പിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് മാത്രമാണ് ഈ അത്യാധുനിക സൗകര്യം ലഭ്യമാകുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍, വാഹന ഉടമയുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ്വേഡ് നല്‍കിയാല്‍ മാത്രമേ നടപടികള്‍ മുന്നോട്ട് പോകുകയുള്ളൂ. വാഹനം വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും രണ്ട് കൂട്ടരുടെയും ആധാര്‍ ഒ.ടി.പി നിര്‍ബന്ധമാണ്.
പുതിയ സിസ്റ്റം നിലവില്‍ വന്നതോടെ ഓരോ സേവനത്തിനും ആധാര്‍ ഒ.ടി.പി നിര്‍ബന്ധമായിക്കഴിഞ്ഞു. ചെറിയ കാര്യങ്ങള്‍ക്ക് പോലും എം.വി.ഡി ഓഫീസുകളിലേക്ക് നേരിട്ടെത്തി ക്യൂ നില്‍ക്കേണ്ട ദുരവസ്ഥ ഇനി പഴങ്കഥയാകും. സോഫ്റ്റ്വെയര്‍ വഴി തന്നെ നേരിട്ട് തീരുമാനമെടുക്കാന്‍ കഴിയുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥരുടെ യാതൊരുവിധ ഇടപെടലുകളുമില്ലാതെ താനേ തീര്‍പ്പാക്കപ്പെടും. ഇത് എം.വി.ഡി ജീവനക്കാരുടെ ജോലിഭാരം ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും ഇനി മുതല്‍ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത്.
എന്നാല്‍ ഈ പുതിയ പരിഷ്‌കാരത്തില്‍ ചെറിയ കുഴപ്പമുണ്ട്. ആധാറിലെ പേരും ആര്‍.സി ബുക്കിലെ പേരും തമ്മില്‍ ചെറിയൊരു വ്യത്യാസമുണ്ടെങ്കില്‍ പോലും സേവനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെടും. പേരിനൊപ്പമുള്ള ഇനീഷ്യലിലോ അക്ഷരങ്ങളിലോ അല്ലെങ്കില്‍ ഇനീഷ്യലിനിടയിലെ ഒരു ചെറിയ കുത്തില്‍ പോലും വ്യത്യാസമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ സിസ്റ്റം അപേക്ഷ നിരസിക്കും. ആര്‍.സിയിലെ പേര് ആധാറിലുള്ളതുപോലെ കൃത്യമായി തിരുത്തുക മാത്രമാണ് ഇതിനുള്ള ഒരേയൊരു വഴി. പേരുമാറ്റത്തിന്റെ കുരുക്കഴിച്ചാല്‍ ഇടനിലക്കാരില്ലാതെ എം.വി.ഡി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.
മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിൽ ഏജന്റുമാരുടെ വാഴ്ചയ്ക്ക് അന്ത്യമാകുന്നു ; ഇടനിലക്കാരെ ഒഴിവാക്കാൻ കർശന നടപടികളുമായി വകുപ്പ്
Advertisement
Advertisement
Advertisement