breaking news New

കുറഞ്ഞ അളവിൽ മദ്യപിച്ചാലും മരണസാധ്യത കൂടുമോ ? ബിയർ, വൈൻ, സ്പിരിറ്റ്സ് എന്നിവയുടെ ആരോഗ്യപ്രത്യാഘാതങ്ങൾ വെളിപ്പെടുത്തി പുതിയ പഠനം !!

ന്യൂട്ട്രീഷ്യന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, സ്ഥിരമായി മദ്യപിക്കുന്ന 3,40000-ത്തിലധികം ആളുകളെ വര്‍ഷങ്ങളോളം നിരീക്ഷിച്ച ശേഷമാണ് തയ്യാറാക്കിയിരിക്കുന്നത്. മിതമായ അളവിലുള്ള മദ്യപാനം പോലും ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ഇതിലെ കണ്ടെത്തലുകള്‍.

മദ്യപാനവും മരണനിരക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മുന്‍കാല പഠനങ്ങളില്‍ പലപ്പോഴും വൈരുധ്യങ്ങള്‍ നിലനിന്നിരുന്നു. ചില രാജ്യങ്ങളിലെ ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കുറഞ്ഞ അളവിലുള്ള മദ്യപാനത്തിന് അനുമതി നല്‍കിയിരുന്നെങ്കില്‍, ഒരു അളവിലുള്ള മദ്യപാനവും പൂര്‍ണ്ണമായി സുരക്ഷിതമല്ലെന്നാണ് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത്തരം സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പുതിയ പഠനം സഹായിക്കുന്നു. 'യുകെ ബയോബാങ്ക്' ശേഖരിച്ച വിവരങ്ങളാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. മുന്‍പ് മദ്യപാനം നിര്‍ത്തിയവര്‍, ഹൃദ്രോഗമോ അര്‍ബുദമോ ഉള്ളവര്‍ എന്നിവരെ പഠനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പങ്കെടുത്തവരുടെ മദ്യപാന ശീലം, ജീവിതശൈലി, കഴിക്കുന്ന ഭക്ഷണരീതി എന്നിവയെല്ലാം ചോദ്യവലികളിലൂടെ ശേഖരിച്ച ശേഷമാണ് ഗവേഷണം മുന്നോട്ട് കൊണ്ടുപോയത്.

പഠനത്തില്‍ പങ്കെടുത്തവരെ അവര്‍ ആഴ്ചതോറും ഉപയോഗിക്കുന്ന ശുദ്ധമായ ആല്‍ക്കഹോളിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് തരംതിരിച്ചത്. ആഴ്ചയില്‍ 20 ഗ്രാമില്‍ താഴെ മാത്രം മദ്യപിക്കുന്നവരെ കുറഞ്ഞ അളവിലുള്ള ഗണത്തില്‍പ്പെടുത്തി. ശരാശരി 56 വയസ്സ് പ്രായമുള്ള വ്യക്തികളെയാണ് പഠനവിധേയമാക്കിയത്. ഇതില്‍ പകുതിയിലധികവും സ്ത്രീകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശരാശരി 13.4 വര്‍ഷത്തോളം നീണ്ട നിരീക്ഷണ കാലയളവിനുള്ളില്‍ പങ്കെടുത്തവരില്‍ 22,381 മരണങ്ങള്‍ രേഖപ്പെടുത്തി. ഉയര്‍ന്ന അളവില്‍ സ്ഥിരമായി മദ്യപിക്കുന്നവരില്‍ അര്‍ബുദം, ഹൃദ്രോഗം, മറ്റ് മാരകരോഗങ്ങള്‍ എന്നിവ മൂലമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി. മിതമായ അളവിലുള്ള മദ്യപാനം പോലും അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

വ്യത്യസ്ത തരം മദ്യങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന ആഘാതവും വ്യത്യസ്തമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ബീര്‍, സിഡര്‍, സ്പിരിറ്റ്സ് എന്നിവ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് മരണസാധ്യത കുത്തനെ കൂട്ടുന്നു. ഇവയുടെ കുറഞ്ഞ ഉപയോഗം പോലും ചില തരം അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. വൈന്‍ ഉപയോഗിക്കുന്നവരില്‍ മരണനിരക്കില്‍ ചില വ്യതിയാനങ്ങള്‍ കണ്ടതായി ഗവേഷകര്‍ പറയുന്നു. കുറഞ്ഞ അളവില്‍ റെഡ് വൈന്‍ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, ഉയര്‍ന്ന അളവിലുള്ള ഉപയോഗം അര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, വൈറ്റ് വൈന്‍, ഫോര്‍ട്ടിഫൈഡ് വൈന്‍ എന്നിവയുടെ ഉയര്‍ന്ന ഉപയോഗം മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതായാണ് കണ്ടത്.

കരള്‍, സ്തനാര്‍ബുദം, വന്‍കുടല്‍ , ശ്വാസകോശം തുടങ്ങി 15-ഓളം വിവിധ തരം അര്‍ബുദങ്ങള്‍ മൂലമുള്ള മരണങ്ങള്‍ മദ്യപാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം കഴിക്കുന്ന വേളയില്‍ മദ്യപിക്കുന്നവരില്‍ പ്രത്യാഘാതങ്ങള്‍ താരതമ്യേന കുറവാണെങ്കിലും, ഭക്ഷണത്തിന് പുറമെ മദ്യപിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലും, ചെറുപ്പക്കാരിലും, പുകവലിക്കാരിലും മദ്യപാനം മൂലമുള്ള മരണസാധ്യത കൂടുതലാണെന്ന് പഠനത്തിലെ ഉപവിശകലനങ്ങള്‍ വ്യക്തമാക്കുന്നു. പഠനത്തിലെ പങ്കാളികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണമായതിനാല്‍ ഇതിന് ചില പരിധികളുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചുരുക്കത്തില്‍, ഏതെങ്കിലും തരത്തിലുള്ള മദ്യപാനം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് പറയാനാകില്ലെന്ന് ഈ ഗവേഷണം ഉറപ്പിച്ചുപറയുന്നു. വൈന്‍ കഴിക്കുന്നത് മരണനിരക്ക് കുറയ്ക്കുമെന്ന കണ്ടെത്തല്‍ വൈന്‍ ഒരു ഔഷധമാണെന്നതിന് തെളിവല്ലെന്നും, മദ്യപാനം നിയന്ത്രിക്കുകയാണ് ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമെന്നും പഠനം ഉപസംഹരിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4