സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് കനത്ത തിരിച്ചടിയാകുന്നു.
അരി, പഞ്ചസാര, സവാള, ഉള്ളി തുടങ്ങി പ്രധാന ഭക്ഷ്യവസ്തുക്കൾക്കെല്ലാം വില വർധിച്ചതോടെ വിപണിയിൽ ആശങ്ക ശക്തമാണ്. വടക്കൻ കേരളത്തിൽ ഏറെ ആവശ്യക്കാരുള്ള പൊന്നി അരിയുടെ വില കിലോഗ്രാമിന് 80 രൂപ കടന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ പൊന്നി അരിയുടെ വിലയിൽ കിലോഗ്രാമിന് 20 രൂപയുടെ വർധനയുണ്ടായതായാണ് കണക്ക്. കുറുവ അരിയുടെ വില 46 രൂപയിൽ നിന്ന് 55 രൂപയായും ജയ അരിയുടെ വില 42 രൂപയിൽ നിന്ന് 50 രൂപയായും ഉയർന്നു. ബിരിയാണി അരിയുടെ വിലയിലും വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു.
അരിക്ക് പിന്നാലെ പഞ്ചസാരയുടെയും സവാളയുടെയും വിലയും ഉയർന്നു. കിലോഗ്രാമിന് 60 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 65 രൂപ നൽകണം. സവാളയുടെ വില 55 രൂപയിൽ നിന്ന് 70 രൂപയായും ഉയർന്നു. ഉള്ളിയുടെ വില കിലോഗ്രാമിന് 120 രൂപ കടന്നതായും റിപ്പോർട്ടുകളുണ്ട്. ചിലയിനം പച്ചക്കറികൾക്കും വില കുത്തനെ വർധിച്ചതോടെ അടുക്കളച്ചെലവ് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ.
അരിവിലയിലെ വർധനയ്ക്ക് ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമുണ്ടായ പ്രളയമാണ് കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം. അതേസമയം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് വിവരങ്ങൾ ഓരോ ആഴ്ചയും വെളിപ്പെടുത്തണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം രാജ്യത്തെ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ ഫലപ്രദമായ ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തുടർന്നാൽ സാധാരണക്കാരുടെ ജീവിതച്ചെലവ് ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അരിവില കുതിച്ചുയരുന്നു ; പൊന്നിക്ക് കിലോയ്ക്ക് 80 രൂപ കടന്നു ! പഞ്ചസാരയ്ക്കും സവാളയ്ക്കും വിലവർധന ; കുടുംബ ബജറ്റ് താളംതെറ്റുന്നു !!
Advertisement
Advertisement
Advertisement