രാജ്യത്തുടനീളം മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികളും ഡയാഗ്‌നോസ്റ്റിക് സെന്ററുകളും കൂണുപോലെ മുളച്ചുപൊന്തുന്നുണ്ടെങ്കിലും, ഈ വളര്‍ച്ച സാധാരണക്കാരായ രോഗികളെ കടുത്ത കടക്കെണിയിലേക്കാണ് തള്ളിവിടുന്നതെന്ന് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപടികളിലേക്ക് കടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത നിയന്ത്രണം കൊണ്ടു വരാനുള്ള നീക്കത്തിലാണ്.
ചെറിയ നഗരങ്ങളില്‍പ്പോലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിന് പുതിയ സ്വകാര്യ ആശുപത്രികളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. സ്വകാര്യ ആശുപത്രി ശൃംഖലകള്‍ ഓരോ സാമ്പത്തിക പാദത്തിലും ആയിരക്കണക്കിന് പുതിയ ബെഡ്ഡുകള്‍ കൂട്ടിച്ചേര്‍ക്കുകയും, പബ്ലിക് മാര്‍ക്കറ്റില്‍ നിന്നും വിദേശ നിക്ഷേപകരില്‍ നിന്നും ശതകോടികള്‍ സമാഹരിക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് ആദ്യം ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായ മണിപ്പാല്‍ ഹെല്‍ത്ത് ഐ.പി.ഒ വഴി ഒരു ബില്യണ്‍ ഡോളറോളമാണ് സമാഹരിച്ചത്.
ആഗോള പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായി ഇന്ത്യന്‍ ആരോഗ്യമേഖല മാറിയിട്ടുണ്ട്. 2022 നും 2024 നും ഇടയില്‍ ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍, ഫാര്‍മ മേഖലകളില്‍ 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള 600-ഓളം ലയനങ്ങളും ഏറ്റെടുക്കലുകളും നടന്നു. ഇതില്‍ 40 ശതമാനത്തോളം തുകയും ആശുപത്രി മേഖലയിലേക്കാണ് എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 20 ബില്യണ്‍ ഡോളറിലധികം തുക വേറെയും ഈ മേഖല സമാഹരിച്ചിട്ടുണ്ട്.
എന്നാല്‍, ഈ ഭീമമായ നിക്ഷേപങ്ങള്‍ രാജ്യത്തെ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ചികിത്സ എട്ടുകാലിയായി മാറുകയാണ്. സര്‍ക്കാര്‍ സമിതി അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് അനിയന്ത്രിതമായി കുതിച്ചുയരുന്നതിനെക്കുറിച്ചും അത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ സൗകര്യങ്ങളേക്കാള്‍ അഞ്ചു മുതല്‍ പത്ത് മടങ്ങ് വരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങളുടെ കാര്യത്തില്‍ ഈ വ്യത്യാസം ഇനിയും വര്‍ദ്ധിക്കുന്നു. അനിയന്ത്രിതമായ സ്വകാര്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയും ഏകീകൃത മാനദണ്ഡങ്ങളുടെ അഭാവവും കാരണം രോഗികള്‍ അമിത നിരക്കുകള്‍ക്കും നിലവാരമില്ലാത്ത സേവനങ്ങള്‍ക്കും ഇരയാകുന്നു.
പ്രസവം പോലുള്ള സാധാരണ നടപടിക്രമങ്ങള്‍ക്ക് പോലും അമിത തുക ഈടാക്കുന്നതും അനാവശ്യ പരിശോധനകള്‍ നിര്‍ദ്ദേശിക്കുന്നതും കാരണം സാധാരണ കുടുംബങ്ങള്‍ വലിയ കടക്കെണിയിലാവുകയും വീടും വസ്തുവകകളും വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. അടുത്തിടെ മഹാരാഷ്ട്രയില്‍ ജീവന്‍രക്ഷാ ഉപകരണമായ ഐ.വി സെറ്റുകള്‍ 2,800 ശതമാനം വരെ ലാഭമെടുത്ത് വില്‍ക്കുന്നതായി കണ്ടെത്തിയത് സ്വകാര്യ മേഖലയിലെ കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
ഈ ചൂഷണം തടയുന്നതിനായി ആശുപത്രി മുറികളുടെ വാടക അടുത്തുള്ള ത്രീസ്റ്റാര്‍ ഹോട്ടല്‍ മുറികളുടെ നിരക്കിലേക്ക് പരിമിതപ്പെടുത്തുക, അവശ്യ ചികിത്സകള്‍ക്കും പരിശോധനകള്‍ക്കും വിലനിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ, വിദേശ നിക്ഷേപം 51 ശതമാനത്തില്‍ കൂടരുതെന്നും അനാവശ്യ ചികിത്സകള്‍ തടയാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. നിരക്കുകള്‍ക്ക് പരിധി നിശ്ചയിക്കുന്നതിന് പകരം നികുതി, ഭൂമി, ആള്‍ബലം, റഗുലേറ്ററി ചെലവുകള്‍ എന്നിവ കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് പൈവറ്റ് ഹെല്‍ത്ത്കെയര്‍ സംഘടനയായ നാറ്റ്‌ഹെല്‍ത്ത് ആവശ്യപ്പെട്ടു. ആശുപത്രി മേഖലയിലെ മൂലധന ലാഭം മറ്റ് മേഖലകളെ അപേക്ഷിച്ച് വളരെ കുറവാണെന്നും അവര്‍ വാദിക്കുന്നു.
സ്വകാര്യ ആശുപത്രികളിലെ റൂം വാടകയെ ഹോട്ടലുകളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് അവരുടെ നിലപാട്. ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, രോഗികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നതിന് വന്‍ തുക ചെലവാകുന്നുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. അനാവശ്യമായി വിലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ഈ മേഖലയിലേക്കുള്ള വിദേശ നിക്ഷേപം നിലയ്ക്കുമെന്നും സര്‍വീസുകളെ ബാധിക്കുമെന്നും മാക്‌സ്, ഫോര്‍ട്ടിസ് തുടങ്ങിയ മുന്‍നിര ആശുപത്രികള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, സ്വകാര്യ ആരോഗ്യ മേഖല നിലവില്‍ പൂര്‍ണ്ണമായും വില്‍പനക്കാരുടെ വിപണിയായി മാറിയ സാഹചര്യത്തില്‍ വിലനിയന്ത്രണ ചര്‍ച്ചകള്‍ അത്യാവശ്യമാണെന്ന് പൊതുജന ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ ഒഴുകിയെത്തുമ്പോള്‍ വിദേശത്തുള്ള നിക്ഷേപകരാണ് ഇന്ത്യയിലെ ചികിത്സാ നിരക്കുകള്‍ നിശ്ചയിക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പബ്ലിക് ഹെല്‍ത്ത് വിദഗ്ധര്‍ പറയുന്നു.
അനാവശ്യ പരിശോധനകള്‍ അടിച്ചേല്‍പ്പിക്കുന്നതും അമിതലാഭം കൊയ്യുന്നതും തടയാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മറ്റ് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. എങ്കിലും, രാജ്യത്തുടനീളം ഒരേ രീതിയിലുള്ള വിലപരിധി ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് വിശദമായ പഠനം വേണം. നഗരങ്ങളും സംസ്ഥാനങ്ങളും അനുസരിച്ച് നിര്‍മ്മാണ, പ്രവര്‍ത്തന ചെലവുകള്‍ വ്യത്യാസപ്പെടുമെന്നതിനാല്‍ ഏകീകൃത പരിധി പ്രായോഗികമാകില്ലെന്നും അവര്‍ വിലയിരുത്തുന്നു.
ഈ തര്‍ക്കങ്ങള്‍ തുടരുമ്പോഴും, സാധാരണക്കാരുടെ ഭാരം കുറയ്ക്കാന്‍ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഇന്ത്യ ജി.ഡി.പിയുടെ 1.4 ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്കായി ചെലവഴിക്കുന്നത്. ദേശീയ ആരോഗ്യ നയം ലക്ഷ്യമിട്ട 2.5 ശതമാനത്തിനും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന 5 ശതമാനത്തിനും വളരെ താഴെയാണിത്.
സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യക്കുറവാണ് ജനങ്ങളെ ചെലവേറിയ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുന്നത്. എന്നാല്‍, ഭാവിയിലെ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയ്ക്ക് 300 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപം ആവശ്യമുള്ളതിനാല്‍, സ്വകാര്യ നിക്ഷേപകരെ പൂര്‍ണ്ണമായി ഒഴിവാക്കാനും കഴിയില്ല. അതിനാല്‍ നിക്ഷേപ അന്തരീക്ഷം തകരാതെ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ ഉറപ്പാക്കുക എന്ന വന്‍ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.
സ്വകാര്യ ആരോഗ്യമേഖല വളരുമ്പോഴും ചികിത്സ അകലുന്നു ; ഉയർന്ന ചെലവ് കോടിക്കണക്കിന് സാധാരണക്കാർക്ക് ആരോഗ്യപരിചരണം പ്രതിസന്ധിയാക്കുന്നു !!
Advertisement
Advertisement
Advertisement