breaking news New

പി.ടി. ഉഷയുടെ ഐ.ഒ.സി ഇടപെടൽ ; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അട്ടിമറിയും ചട്ടലംഘനവും നടന്നെന്ന് ആരോപണം


ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിനെച്ചൊല്ലി പുതിയ വിവാദം. തെരഞ്ഞെടുപ്പിൽ അട്ടിമറിയും ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനവും നടന്നതായി ആരോപിച്ച് പ്രസിഡന്റ് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് പരാതി നൽകി.

ഐ.ഒ.സി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിലാണ് തെരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയത്.

തെരഞ്ഞെടുപ്പ് വരണാധികാരിയായിരുന്ന സഞ്ജയ് കെ. ശ്രീവാസ്തവ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഉഷ ആരോപിച്ചു. വിഷയത്തിൽ ഐ.ഒ.സിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവും വേണമെന്നാണ് ആവശ്യം.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ചാം സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് ഉഷയുടെ പരാതി. എന്നാൽ വ്യക്തിപരമായ തോൽവിയുടെ നിരാശയല്ല പരാതിക്ക് പിന്നിലെന്നും ഐ.ഒ.എയുടെ സ്വയംഭരണാവകാശവും തെരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യതയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോള ബാനർജിയുടെയും യോഗേശ്വർ ദത്തിന്റെയും പേരിൽ വോട്ടർമാർക്കിടയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച് പ്രത്യേക പാനലിന് അനുകൂലമായി വോട്ടഭ്യർഥിച്ചുവെന്നും ഉഷ ആരോപിക്കുന്നു. കേന്ദ്ര കായിക മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ടെന്ന തരത്തിൽ ഭീഷണി ഉയർത്തിയതായും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും കത്തിൽ പറയുന്നു.

വിഷയം ഐ.ഒ.സിയുടെ എത്തിക്സ് കമ്മീഷന് കൈമാറി അന്വേഷണം നടത്തണമെന്നും ഉഷ ആവശ്യപ്പെട്ടു. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ശ്രമിക്കുന്ന ഇന്ത്യക്ക് കായിക ഭരണരംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, വിഷയം നിലവിൽ കോടതിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഐ.ഒ.എ പ്രതിനിധിയായി ഇനി ഭാരവാഹിത്വത്തിലേക്ക് മത്സരിക്കില്ലെന്നും പി.ടി. ഉഷ വ്യക്തമാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4