breaking news New

മത്തിക്ക് 300, അയലയ്ക്ക് 250 രൂപ ! മീൻവില കുതിച്ചുയരുന്നു ; മലയാളിയുടെ അടുക്കള ബജറ്റ് താളം തെറ്റുന്നു !! മീൻ വാങ്ങാനും ഇനി രണ്ടുവട്ടം ആലോചിക്കണം !

എറണാകുളം : ആഴ്ചകൾക്ക് മുമ്പ് 100 രൂപയുണ്ടായിരുന്ന ഒരു കിലോ മത്തിയുടെ വില 300 കഴിഞ്ഞു. 160 രുപയോളമുണ്ടായിരുന്ന അയലയും ഒരു കിലോ വാങ്ങുന്നതിന് 250 രൂപയോളം കൊടുക്കണം.

കായൽ മീനുകളായ കരിമീനിന്റെയും ചെമ്പല്ലിയുടെയും കണമ്പിന്റെയും വില 800 വരെയെത്തി. കൂന്തൾ 130–150, കിളിമീൻ 200–220, ചെമ്മീൻ 300 രൂപ എന്നിങ്ങനെയാണ് പുതിയ വില. 1000–1300 വരെയാണ് നെയ്മീന്റെ വില. വിപണിയിൽ നെയ്മീന്റെ വരവും പാതി കുറഞ്ഞിട്ടുണ്ട്. ആവോലി വില 600–800 രൂപയും മോദ 700 രൂപ മുതൽ 750വരെയുമാണ് കിലോ വില.

കടലിൽ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം ചെറുമീനുകളുടെ പ്രജനനത്തെ ബാധിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. രാസവസ്തുക്കൾ ചേർത്ത മീനുമായി വന്ന ട്രക്കുകൾ പിടികൂടിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മീനുകളോടുള്ള താൽപ്പര്യം കുറഞ്ഞതും പ്രാദേശിക മീനുകളുടെ ഡിമാന്റും വിലയും കൂട്ടാൻ ഇടയാക്കി.

മീൻ വില കൂടിയത് ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നവരെയും ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ പലപ്പോഴും മത്സ്യവിഭവങ്ങൾക്ക് കൃത്യമായ വില ഈടാക്കാറില്ല. അന്നന്നത്തെ മത്സ്യവിലയ്ക്കനുസൃതമായാണ് മത്സ്യവില നിശ്ചയിക്കുന്നത്. ഇത് ഉപഭോക്താക്കളെയും ഹോട്ടലുടമകളെയും ഒരു പോലെ ബാധിക്കുന്നുണ്ട്.

എന്നാൽ വറ്റ ഉൾപ്പടെയുള്ള വലിയ മീനുകളുടെ വില താഴേയ്ക്ക് പോയത് ആശ്വാസത്തിനിട നൽകുന്നു. 250 രൂപ കിലോ വിലയുണ്ടായിരുന്ന വറ്റ ഒറ്റയടിക്ക് 100 രൂപയിലേക്ക് എത്തി. തിരുവനന്തപുരം മുതലപ്പൊഴിയിൽ ചാകര ഉണ്ടായപ്പോൾ, വറ്റ കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വറ്റയുടെ ഡിമാന്റ് കുറഞ്ഞത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4