breaking news New

ലോക പക്ഷാഘാതദിനം ഇന്ന് : തിരുവനന്തപുരത്ത് വാക്കത്തോണും സൗജന്യ സ്ട്രോക്ക് സ്ക്രീനിംഗ് ക്യാമ്പും

തിരുവനന്തപുരം :
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അടിയന്തര ചികിത്സ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 29 ന് തിരുവനന്തപുരത്ത് വാക്കത്തോണും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ലോക പക്ഷാഘാതദിനത്തോടനുബന്ധിച്ചാണ് പരിപാടികൾ.

രാവിലെ ഏഴിന് മാനവീയം വീഥിയിൽ വാക്കത്തോൺ ഫ്ലാഗോഫ് ചെയ്യും. വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിലേക്കാണ് വാക്കത്തോൺ. അക്കാദമി ചെയർപേഴ്സൺ പ്രിയങ്ക നായരും പങ്കെടുക്കും. പൊതുജനങ്ങൾക്കും പരിപാടിയുടെ ഭാഗമാകാം.

രാവിലെ ഏഴ് മുതൽ എട്ട് വരെ മ്യൂസിയം വളപ്പിൽ സ്ട്രോക്ക് സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കും. പ്രഭാതസവാരിക്കായി മ്യൂസിയത്തിലെത്തുന്നവരെയും ലക്ഷ്യമിട്ടാണ് ക്യാമ്പ്.

രാവിലെ ഒൻപതിന് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ സ്ട്രോക്ക് ബോധവത്കരണ ക്ലാസ് ആരംഭിക്കും. പത്തിന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മേയർ വി.വി. രാജേഷ് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി., ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എന്നിവർ മുഖ്യാതിഥികളാകും.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും രോഗിയെ ആശുപത്രിയിലെത്തിക്കാനും വൈകുന്നത് രോഗാവസ്ഥ സങ്കീർണമാക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടികൾ ശക്തിപ്പെടുത്തുന്നതെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

തിരുവനന്തപുരത്തെ സ്ട്രോക്ക് രജിസ്ട്രി പ്രകാരം കേരളത്തിൽ ഒരു ലക്ഷം പേരിൽ 135 പേർക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. ലോകമെമ്പാടും മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് പക്ഷാഘാതം. ദീർഘകാല വൈകല്യങ്ങൾക്ക് കാരണമാകുന്ന പ്രധാന രോഗാവസ്ഥകളിലൊന്നുമാണിത്.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗത്തിൽ ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനും ദീർഘകാല വൈകല്യങ്ങളുടെ തീവ്രത കുറയ്ക്കാനും കഴിയുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മുഖം ഒരു വശത്തേക്ക് കോടുക.
കൈകളിലോ കാലുകളിലോ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക.
സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
മറ്റുള്ളവർ പറയുന്നത് മനസ്സിലാക്കാൻ പ്രയാസം നേരിടുക.
പെട്ടെന്ന് കാഴ്ചക്കുറവ് ഉണ്ടാകുക.
ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ മാറുന്നതുവരെ കാത്തിരിക്കരുത്. വീട്ടിൽ ചികിത്സിക്കാൻ ശ്രമിക്കാതെ ഉടൻ അടിയന്തര വൈദ്യസഹായം തേടണം. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതിന്റെയും ചികിത്സ വൈകിക്കാതിരിക്കുന്നതിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുകയാണ് പരിപാടികളുടെ ലക്ഷ്യം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4