breaking news New

അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹത്തിന് നിയന്ത്രണം വരുമോ ? നിയമനിർമാണ സാധ്യത പരിശോധിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ നിയന്ത്രിക്കുന്നതിന് നിയമനിർമാണം കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.

ഇത്തരം വിവാഹങ്ങൾ വഴി ജനിക്കുന്ന കുട്ടികളിൽ ജനിതക ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിക്കുന്നുവെന്ന ഹർജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ.

നിയമനിർമാണം നടത്തണമെന്ന് കോടതി നിർദേശിക്കുന്നില്ലെന്നും വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും ബെഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അടുത്ത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ (Consanguineous Marriages) നിയന്ത്രിക്കുന്നത് സാമൂഹിക പരിഷ്കരണ നിയമനിർമാണത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കോടതിക്ക് നേരിട്ട് ഇത്തരം വിവാഹങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.

ബെംഗളൂരുവിലെ നിയമവിദ്യാർഥിനി ചാർവി എസ് ആണ് ഹർജി സമർപ്പിച്ചത്. അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം കുട്ടികളിൽ ജനിതക വൈകല്യങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

ജനിതക രോഗങ്ങൾ, ജന്മനാ വൈകല്യങ്ങൾ, കാഴ്ച-കേൾവി പ്രശ്നങ്ങൾ, വളർച്ചാ വൈകല്യങ്ങൾ, ശിശുമരണം തുടങ്ങിയവയുടെ സാധ്യത രക്തബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങളിൽ വർധിക്കാമെന്ന് മെഡിക്കൽ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നതായും ഹർജിയിൽ പറയുന്നു. ഇത്തരം വിവാഹങ്ങളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഗ്രാമപ്രദേശങ്ങളിലടക്കം ആവശ്യമായ അവബോധമില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

ഹിന്ദു വിവാഹ നിയമത്തിലെ അഞ്ചാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ചില ആചാരങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിധേയമായി നിരോധിത ബന്ധങ്ങളിലോ സപിണ്ഡ ബന്ധങ്ങളിലോ ഉൾപ്പെടുന്നവർക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ട്.

ഇത്തരം വിവാഹങ്ങൾക്ക് മുമ്പ് ജനിതക കൗൺസിലിങ്, ആരോഗ്യപരമായ അപകടസാധ്യതകളെക്കുറിച്ചുള്ള വിശദീകരണം, മെഡിക്കൽ പരിശോധന എന്നിവ നിർബന്ധമാക്കണമെന്നാണ് ഹർജിയിലെ പ്രധാന നിർദേശം. ഇത്തരം വിവാഹങ്ങൾ കൂടുതലായി നടക്കുന്ന മേഖലകളിൽ വിവാഹപൂർവ ജനിതക പരിശോധനയും കൗൺസിലിങ്ങും നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാഹം വ്യക്തികളുടെ തിരഞ്ഞെടുപ്പാണെന്നും ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് പൂർണമായ അറിവോടെ തീരുമാനമെടുക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കണമെന്നും കോടതി നിരീക്ഷിച്ചു.

നിലവിലുള്ള വിവാഹങ്ങളെ കുറ്റകരമാക്കുകയോ അവയുടെ നിയമസാധുത ഇല്ലാതാക്കുകയോ ചെയ്യുകയല്ല ലക്ഷ്യമെന്നും ഭാവിതലമുറയുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളാണ് ആവശ്യമെന്നും ഹർജിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4