ഡൽഹിയിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് കയ്യേറ്റത്തിനും അന്യായ തടങ്കലിനും ഇരയായെന്ന ഏഴ് മലയാളി മാധ്യമപ്രവർത്തകരുടെ പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മാധ്യമപ്രവർത്തകരുടെ സുരക്ഷയും അവകാശങ്ങളും പരിശോധിക്കുന്നതിനായി കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നൽകിയ ഹർജി പ്രത്യേക അന്വേഷണ സമിതിക്ക് കോടതി കൈമാറി.
മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ പരിഗണിക്കുന്നതിന് മുമ്പ് ആരെയാണ് യഥാർത്ഥ മാധ്യമപ്രവർത്തകനായി കണക്കാക്കേണ്ടതെന്ന് വ്യക്തമായി നിർവചിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വയം പ്രഖ്യാപിത മാധ്യമപ്രവർത്തകർക്ക് അംഗീകൃത മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന അതേ നിയമപരിരക്ഷ അവകാശപ്പെടാനാകുമോ എന്ന കാര്യവും വാദത്തിനിടെ ഉയർന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മാധ്യമസ്വാതന്ത്ര്യവും പൊതുസമാധാന സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.
ഔദ്യോഗിക അക്രഡിറ്റേഷനാണോ അതോ മാധ്യമസ്ഥാപനവുമായുള്ള ബന്ധമാണോ മാധ്യമപ്രവർത്തകർക്കുള്ള നിയമസംരക്ഷണത്തിന്റെ അടിസ്ഥാനമാകേണ്ടതെന്ന കാര്യവും കോടതി പരിശോധിക്കും. പ്രതിഷേധ സ്ഥലങ്ങളിൽ വാർത്ത ശേഖരിക്കുന്ന മാധ്യമപ്രവർത്തകർക്ക് പോലീസിന് മുന്നിൽ പ്രത്യേക അവകാശങ്ങളുണ്ടോ, അവരെ ബലമായി സ്ഥലത്തുനിന്ന് നീക്കുന്നത് നിയമപരമായി തടങ്കലായി കണക്കാക്കാനാകുമോ തുടങ്ങിയ ഭരണഘടനാപരമായ വിഷയങ്ങളും പരിഗണനയിലുണ്ട്.
പോലീസ് നടപടിക്കിടെ തങ്ങൾ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും അമിതമായ ബലപ്രയോഗത്തിന് ഇരയായെന്നും തെളിയിക്കുന്ന രേഖകൾ അഞ്ചംഗ അന്വേഷണ സമിതിക്ക് മുന്നിൽ സമർപ്പിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശിച്ചു. കെയുഡബ്ല്യുജെയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശാണ് ഹാജരായത്.
നേരത്തെ വിഷയത്തിൽ കേന്ദ്ര സർക്കാരിനും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. പ്രത്യേക അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശാലമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്ന കാര്യത്തിൽ കോടതി തുടർനടപടി സ്വീകരിക്കും.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ആരാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ ? മാധ്യമപ്രവർത്തകർക്കുള്ള നിയമപരിരക്ഷയുടെ മാനദണ്ഡം എന്ത് ? നിർവചനം തേടി സുപ്രീം കോടതി : ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ഏഴ് മലയാളി മാധ്യമപ്രവർത്തകർ ; പരാതി പ്രത്യേക അന്വേഷണ സമിതിക്ക് വിട്ട് സുപ്രീം കോടതി
Advertisement
Advertisement
Advertisement