എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എയര്‍ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളാണ് ജിദ്ദ, റിയാദ്, ദമാം, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇത് യാത്രക്കാര്‍ക്കും പ്രത്യേകിച്ചും ഉംറ തീര്‍ത്ഥാടകരേയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മേഖലയിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കുന്നു. യാത്രാ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസുകള്‍ നീട്ടേണ്ടി വന്നതെന്നും കമ്പനികള്‍ വിശദീകരിക്കുന്നുണ്ട്. നവംബര്‍ പകുതിയോടെയും അവസാനം വരെയുമാണ് വിവിധ എയര്‍ലൈനുകള്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി മടക്കിനല്‍കാനോ അല്ലെങ്കില്‍ അധികച്ചെലവില്ലാതെ തീയതി മാറ്റിനല്‍കാനോ ഉള്ള സൗകര്യങ്ങള്‍ എയര്‍ലൈനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആകാശ എയര്‍ ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 18 വരെയും, റിയാദിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക ഏഴ് ദിവസത്തിനകം പൂര്‍ണ്ണമായി റീഫണ്ട് ചെയ്യുമെന്നും ആകാശ എയര്‍ അറിയിച്ചു. അതേസമയം, എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നവംബര്‍ 14 വരെയാണ് സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ തീയതിക്കുള്ളില്‍ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് മറ്റ് സൗകര്യങ്ങളോ സൗജന്യമായി യാത്രാത്തീയതി മാറ്റിയെടുക്കാനോ ഉള്ള അവസരമുണ്ട്.
ഇന്‍ഡിഗോ എയര്‍ലൈന്‍സും റിയാദ്, ജിദ്ദ, ദമാം, മദീന സെക്ടറുകളിലെ സര്‍വീസുകള്‍ നവംബര്‍ 14 വരെ റദ്ദാക്കിയിട്ടുണ്ട്. ബാധിതരായ യാത്രക്കാരുമായി ബന്ധപ്പെട്ട് വരികയാണെന്നും ടിക്കറ്റ് മാറ്റിയെടുക്കുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും, സൗദി അറേബ്യന്‍ എയര്‍ലൈനായ 'ഫ്‌ലൈനാസ്' പോലുള്ള കമ്പനികള്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ തുടരുന്നുണ്ട്. ദമാം, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഫ്‌ലൈനാസ് കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് സൗദിയിലെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകരെയാണ് ഏറെ വലച്ചിരിക്കുന്നത്. മടക്കയാത്ര പ്രതിസന്ധിയിലായ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസിയും രംഗത്തിറങ്ങിയിട്ടുണ്ട്. ജിദ്ദയിലും മക്കയിലുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. തീര്‍ത്ഥാത്തകര്‍ക്ക് ഭക്ഷണവും അവശ്യ മരുന്നുകളും എത്തിച്ചു നല്‍കാന്‍ സന്നദ്ധ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്.
വിസ കാലാവധി കഴിയുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയമായും വിദേശകാര്യ മന്ത്രാലയമായും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. യാത്രാ തടസ്സം നേരിടുന്ന തീര്‍ത്ഥാടകര്‍ സൗദി അധികൃതരുടെ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. യാത്രാ ഏജന്റുമാരുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും കോണ്‍സുലേറ്റ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് തങ്ങളുടെ ടിക്കറ്റും ഷെഡ്യൂളും എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായി ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് എടുത്തവര്‍ അവരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്. പശ്ചിമേഷ്യയിലെ യുദ്ധഭീതിയും പ്രതിസന്ധിയും വ്യോമയാന മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍, സര്‍വീസുകള്‍ പൂര്‍ണ്ണമായി സാധാരണ നിലയിലാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം ; സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ ; ഉംറ തീർത്ഥാടകർ ആശങ്കയിൽ, സഹായവുമായി ഇന്ത്യൻ കോൺസുലേറ്റ്
Advertisement
Advertisement
Advertisement