breaking news New

വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്ര : വിവാദം മുറുകുന്നു ; യാത്രയ്ക്ക് വിമാനം ഏർപ്പെടുത്തിയതാര് ? കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ച വിമാനത്തിന് കൈമാറിയത് ലക്ഷങ്ങളാണെന്ന് വ്യക്തമാക്കുന്ന ഇന്‍വോയ്‌സിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 19,88,595 രൂപയാണ് ഈ ഒറ്റ യാത്രയ്ക്കായി ചെലവായത്. കേളചന്ദ്ര ഏവിയേഷന്‍, ചിപ്‌സണ്‍ ഏവിയേഷന് നല്‍കിയ ഇന്‍വോയ്‌സ് രേഖകളാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായിരിക്കുന്നത്. ഇതോടെ, മുഖ്യമന്ത്രി സഞ്ചരിച്ച കേളചന്ദ്രയുടെ വിമാനത്തിനായി പണം അടച്ചത് ചിപ്‌സണ്‍ ഏവിയേഷനാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍, സൗജന്യ വിമാനയാത്ര ഒരുക്കി നല്‍കിയത് ചിപ്‌സണ്‍ ഏവിയേഷന്‍ തന്നെയാണോ അതോ ചിപ്‌സണിന്റെ മറവില്‍ മറ്റൊരു പ്രമുഖ വ്യവസായി നിലയുറപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

ഈ മാസം 21-നാണ് കേളചന്ദ്ര ഏവിയേഷന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്തേക്ക് യാത്ര തിരിച്ചത്. വിമാനയാത്ര നടന്ന അതേ ദിവസം തന്നെയാണ് കേളചന്ദ്ര ഏവിയേഷന് ചിപ്‌സണ്‍ ഏവിയേഷന്‍ 19 ലക്ഷത്തിലധികം രൂപ കൈമാറിയതായി രേഖകള്‍ വ്യക്തമാക്കുന്നത്. പണമിടപാടിന്റെ സമയവും യാത്രയുടെ സമയവും ഒത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. വിമാന-ഹെലികോപ്റ്റര്‍ യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. യാത്രയുടെ ചെലവുകളെ ചൊല്ലി പ്രതിപക്ഷം കടുത്ത കടന്നാക്രമണം നടത്തുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിശദീകരണം.

തനിക്ക് വ്യക്തിപരമായി പരിചയമുള്ള ഒരു മലയാളിയാണ് മലപ്പുറം യാത്രയ്ക്കുള്ള വിമാനം ക്രമീകരിച്ചു നല്‍കിയതെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സൗജന്യ യാത്രയൊരുക്കിയ സുഹൃത്തിന്റെ പേര് പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ താല്പര്യമില്ലെന്നും, ഭാവിയിലും ഇത്തരം സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ സഞ്ചരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഇത്തരത്തില്‍ സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന ചരിത്രം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി സതീശന്റെ പ്രതിരോധം. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ന്യായീകരിച്ചു.

മലപ്പുറത്ത് പെയ്ത കനത്ത മഴയിലുണ്ടായ വലിയ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും പെട്ടെന്നുള്ള ഈ യാത്ര. എന്നാല്‍, വന്‍ തുക ചെലവഴിച്ചുള്ള ചാര്‍ട്ടേഡ് ഫ്‌ലൈറ്റ് യാത്ര സംസ്ഥാനത്തിന് വലിയ അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്ന ആക്ഷേപം ശക്തമായി ഉയരുകയായിരുന്നു. ആരോപണങ്ങള്‍ കനത്തതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തി. ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഒരു സ്‌പോണ്‍സറാണെന്നും, സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരത്തു നിന്ന് കരിപ്പൂരിലേക്കുള്ള പതിവ് യാത്രാവിമാനങ്ങള്‍ ആ സമയത്ത് ലഭ്യമല്ലാതിരുന്നതിനാലാണ് മുഖ്യമന്ത്രി അടിയന്തരമായി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും ഓഫീസ് വ്യക്തമാക്കി. എന്നാല്‍, സംസ്ഥാന ഭരണത്തലവന്റെ യാത്രയ്ക്ക് പണം മുടക്കിയ ആ 'രഹസ്യ സ്‌പോണ്‍സര്‍' ആരാണെന്ന ചോദ്യം ഇതോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയായിരുന്നു. സര്‍ക്കാരിന്റെ ഈ വിശദീകരണം വന്നതോടെ വിഷയത്തില്‍ ദുരൂഹത ആരോപിച്ചു പ്രതിപക്ഷം സമരം കടുപ്പിച്ചു.

വ്യവസായികളുടെയും സ്വകാര്യ കമ്പനികളുടെയും പണം പറ്റി മുഖ്യമന്ത്രി യാത്ര ചെയ്യുന്നത് വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കാനാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കിയ സ്‌പോണ്‍സറുടെ പേര് പുറത്തുവിടാന്‍ മുഖ്യമന്ത്രി തയാറാകാത്തത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4