കേരളത്തിലെ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാൻ കിട്ടില്ലെന്ന പ്രഖ്യാപനം നടത്തിയ വി.ഡി. സതീശൻ ഒടുവിൽ പെരുന്നയിലേക്ക്.
സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പഴയ വിമർശനങ്ങൾക്കിടയിലാണ് പുതിയ സന്ദർശനം വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നത്.
2027 ജനുവരി 2ന് ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സതീശൻ പെരുന്നയിലെത്തുന്നത്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് സമുദായ സംഘടനകളോടും പ്രത്യേകിച്ച് എൻഎസ്എസിനോടും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരോടും കടുത്ത വിമർശന നിലപാടാണ് സതീശൻ സ്വീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പും സമുദായ നേതാക്കളുടെ ഇടപെടലുകളെ പരസ്യമായി എതിർത്തിരുന്നു.
സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെയും ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായിരുന്നു. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണ് സതീശൻ മുഖ്യമന്ത്രിയായതെന്ന ആരോപണം പോലും സുകുമാരൻ നായർ ഉന്നയിച്ചിരുന്നു.
മുൻ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും അതിന് മുമ്പും സതീശൻ എൻഎസ്എസ് ആസ്ഥാനത്തെത്തി സഹായം തേടിയെന്നും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നെന്നും സുകുമാരൻ നായർ വെളിപ്പെടുത്തിയിരുന്നു. സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്ന വിമർശനവും അദ്ദേഹം ആവർത്തിച്ചിരുന്നു.
എന്നാൽ പഴയ വിവാദങ്ങളെല്ലാം ഇപ്പോൾ മറന്നുവെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് സുകുമാരൻ നായർ നൽകിയ മറുപടി. ഇതോടെ ഒരുകാലത്ത് പരസ്പരം രൂക്ഷമായി വിമർശിച്ചിരുന്ന നേതാക്കൾ വീണ്ടും ഒരേ വേദിയിലെത്തുന്നത് രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിരിക്കുകയാണ്.
വിമർശനങ്ങൾക്കും പഴയ വാക്പോരുകൾക്കും വിരാമമിട്ട് പെരുന്നയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുമോ? മന്നം ജയന്തി സമ്മേളനത്തിലേക്കാണ് ഇനി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വിമർശനങ്ങൾക്കും പഴയ വാക്പോരുകൾക്കും വിരാമമിട്ട് പെരുന്നയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുമോ ? പെരുന്നയിലേക്ക് വീണ്ടും വി.ഡി. സതീശൻ ; പഴയ വിമർശനങ്ങളും വിവാദങ്ങളും മറന്ന് മന്നം ജയന്തി വേദിയിലെത്തുന്നു
Advertisement
Advertisement
Advertisement