തിരുവനന്തപുരം: സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവിന്റെ കുടുംബാംഗത്തിന്റെ അപ്രതീക്ഷിത പിന്മാറ്റം. അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിച്ചു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും മൂല്യങ്ങൾക്കും സ്ഥാനമില്ലാതായെന്നും പിണറായിസം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നുമുള്ള രൂക്ഷവിമർശനത്തോടെയാണ് അദ്ദേഹത്തിന്റെ പടിയിറക്കം.
തിരുവനന്തപുരം കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിനയകുമാർ ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെട്ട ഒരു പ്രസ്ഥാനത്തിൽ ഇനിയും തുടരുന്നതിൽ അർത്ഥമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും വിനയകുമാർ കുറ്റപ്പെടുത്തി. പാർട്ടിയിൽ മറ്റു രാഷ്ട്രീയ വിഷയങ്ങൾക്കോ ആശയപരമായ ചർച്ചകൾക്കോ കാര്യമായ ഇടമില്ലെന്നും അദ്ദേഹം ആരോപിച്ചു.
'പിണറായി വിജയൻ എന്നാൽ സി.പി.ഐ.എം, സി.പി.ഐ.എം എന്നാൽ പിണറായി വിജയൻ' എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ ഉയർത്തിപ്പിടിക്കുന്നതെന്നും വിനയകുമാർ വിമർശിച്ചു.
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് പകരം വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം പാർട്ടിയിൽ ആധിപത്യം സ്ഥാപിച്ചുവെന്ന ആരോപണവുമായി കോടിയേരി ബാലകൃഷ്ണന്റെ കുടുംബബന്ധത്തിലുള്ള ഒരാൾ തന്നെ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സി.പി.ഐ.എമ്മിൽ അപ്രതീക്ഷിത രാജി ; കോടിയേരിയുടെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു : ‘പിണറായിസം മാത്രമാണ് ഇപ്പോൾ പാർട്ടിയിൽ’ ; രൂക്ഷവിമർശനവുമായി എസ്.ആർ. വിനയകുമാർ
Advertisement
Advertisement
Advertisement