മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, അവസാന ശ്വാസം വരെ കർമനിരതനായ കമ്മ്യൂണിസ്റ്റ് എന്നിങ്ങനെ മലയാളികളുടെ ജീവിതത്തിൽ വി.എസ്. ചെലുത്തിയ സ്വാധീനം സമാനതകളില്ലാത്തതാണ്.
പോരാട്ടമെന്ന വാക്കിന്റെ ആൾരൂപമായിരുന്നു വി.എസ്. നാടുവാഴിത്ത കാലത്ത് നട്ടെല്ല് ഉയർത്തിനിന്ന് മുഷ്ടി ചുരുട്ടിയതിന്റെ കരുത്തുമായി അദ്ദേഹം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. പുന്നപ്ര വയലാർ സമരത്തിൽ തുടങ്ങി സൂര്യനെല്ലിയിലും മൂന്നാറിലും പ്ലാച്ചിമടയിലും എഡോസൾഫാൻ ഇരകൾക്കായുള്ള പോരാട്ടത്തിലുമെല്ലാം ആ ശബ്ദം മുഴങ്ങിക്കേട്ടു.
ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറ വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വി.എസിന്റെ ജനനം. നാലാം വയസിൽ അമ്മയെയും 11-ാം വയസിൽ അച്ഛനെയും നഷ്ടപ്പെട്ടതിനെ തുടർന്ന് ഏഴാം ക്ലാസിൽ വെച്ച് ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. തുടർന്ന് സഹോദരന്റെ തുന്നൽക്കടയിലും കയർ ഫാക്ടറിയിലും തൊഴിലാളിയായി ജോലി ചെയ്തു. സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനമാണ് വി.എസിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചത്. കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് തൊഴിലാളി വർഗ സമരങ്ങളുടെ ജ്വലിക്കുന്ന ഏടുകളായി മാറി. 1980 മുതൽ 1992 വരെ 12 വർഷം സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉറച്ച കോട്ടയായ മാരാരിക്കുളത്ത് പരാജയപ്പെട്ടെങ്കിലും, പിന്നീട് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കേരള രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ ഏടാണ്. എഡോസൾഫാൻ സമരങ്ങൾ, പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരം, മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെയുള്ള നടപടികൾ, സൂര്യനെല്ലി പെൺകുട്ടിക്ക് നീതി ലഭ്യമാക്കാനുള്ള ഇടപെടലുകൾ തുടങ്ങി ജനകീയ പ്രശ്നങ്ങളിൽ വി.എസ് എപ്പോഴും മുന്നിലുണ്ടായിരുന്നു. തന്റെ 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനംനേടി. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാരംഭത്തിൽ സീറ്റ് നിഷേധിക്കപ്പെട്ടെങ്കിലും, ജനങ്ങളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് പാർട്ടിക്ക് അദ്ദേഹത്തിന് സീറ്റ് നൽകേണ്ടി വന്നത് കേരള രാഷ്ട്രീയത്തിലെ വിസ്മയകരമായ ചരിത്രമാണ്.
കേരള രാഷ്ട്രീയത്തിലെ അതികായനും പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായ വി.എസ്. അച്യുതാനന്ദന്റെ 103-ാം ജന്മവാർഷിക ദിനം ഇന്ന്
Advertisement
Advertisement
Advertisement