ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ രമേശ് ചെന്നിത്തലയ്ക്ക് നിർണായക ആശ്വാസം.
കേസിലെ പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതായും സിബിഐ വ്യക്തമാക്കിയതോടെ ചെന്നിത്തലയ്ക്കെതിരായ നിയമനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സിബിഐ നിലപാട് അറിയിച്ചത്. ഇത് രേഖപ്പെടുത്തിയ കോടതി അദ്ദേഹത്തിനെതിരായ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്റിലേക്ക് മാലിന്യസംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽനിന്ന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് 68 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. 2006ൽ ഇടതുസർക്കാരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വിജിലൻസിന് കൈമാറിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയത്തിലെ ജീവനക്കാർ എന്നിവരടക്കം ആറുപേരായിരുന്നു കേസിലെ പ്രതികൾ.
ട്രാവൻകൂർ ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനായ ജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2013ലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. അന്നത്തെ കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിചേർത്തത്.
എന്നാൽ വിവാദമായ തീരുമാനം കൈക്കൊണ്ട സമയത്ത് താൻ കെപിസിസി പ്രസിഡന്റായിരുന്നില്ലെന്ന് ചെന്നിത്തല നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന സിബിഐയുടെ റിപ്പോർട്ടും ഹൈക്കോടതിയുടെ നടപടിയും കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ടൈറ്റാനിയം അഴിമതിക്കേസ് : രമേശ് ചെന്നിത്തലയ്ക്ക് വൻ ആശ്വാസം ; പ്രതികൾക്കെതിരെ തെളിവില്ലെന്ന് സിബിഐ, നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി
Advertisement
Advertisement
Advertisement