breaking news New

സൗന്ദര്യത്തിന്റെ പേരിൽ വിഷം വിൽക്കുന്നവർ കുടുങ്ങും ! 'ഓപ്പറേഷൻ സൗന്ദര്യ' വീണ്ടും ശക്തമാക്കി സർക്കാർ : വ്യാജ ക്രീമുകൾക്കും പ്രോട്ടീൻ പൊടികൾക്കും വിൽപ്പന നിരോധന ഭീഷണി

തിരുവനന്തപുരം: സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും മറവിൽ നടക്കുന്ന വ്യാജ ഉൽപ്പന്ന വിൽപ്പനയ്ക്ക് തടയിടാൻ സംസ്ഥാനത്ത് വീണ്ടും പരിശോധന ശക്തമാക്കുന്നു. അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ, വ്യാജ ഗുളികകൾ, ഓയിന്റ്മെന്റുകൾ, തൈലങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് 'ഓപ്പറേഷൻ സൗന്ദര്യ' വ്യാപകമാക്കുന്നു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ഡ്രഗ്സ് കൺട്രോളർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

സൗന്ദര്യം വർധിപ്പിക്കാനും പേശീബലം കൂട്ടാനും ശാരീരിക ഉത്തേജനം നൽകാനുമെന്ന പേരിൽ വ്യാജ പരസ്യങ്ങളിലൂടെ വിൽക്കുന്ന ഉൽപ്പന്നങ്ങളും പരിശോധനയുടെ പരിധിയിലുണ്ടാകും. ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ കണ്ടെത്തി ക്രിമിനൽ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.

മംഗളൂരു–കാസർകോട് മേഖല കേന്ദ്രീകരിച്ച് ഓൺലൈൻ വഴി ഇത്തരം ഉൽപ്പന്നങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ വിലയിരുത്തൽ. പാകിസ്താൻ വഴി എത്തുന്ന ചില ഉൽപ്പന്നങ്ങളിൽ നിർമാതാവിന്റെ പേര്, നിർമാണ തീയതി, കാലാവധി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്തെ 17-കാരിക്ക് മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന പരാതി വലിയ ചർച്ചയായതോടെയാണ് വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾക്കെതിരായ നടപടി വീണ്ടും ശക്തമാകുന്നത്.

താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് കൈമാറിയതായി പെൺകുട്ടി വ്യക്തമാക്കി. 'എഫ് ട്യൂൺ' എന്ന ക്രീമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്ന് പൊലീസിന് മൊഴി നൽകിയതായും ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും പെൺകുട്ടി അറിയിച്ചു.

ക്രീം ഇപ്പോഴും ഉപയോഗിക്കുന്നവർ അത് നിർത്തണമെന്നും പെൺകുട്ടി അഭ്യർഥിച്ചു. സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരിൽ സാമൂഹികമാധ്യമങ്ങളിൽ ചിലർ മോശം കമന്റുകളിലൂടെ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും അവൾ വെളിപ്പെടുത്തി.

തനിക്ക് സംഭവിച്ചതുപോലെ മറ്റാർക്കും സംഭവിക്കരുതെന്ന ലക്ഷ്യത്തോടെയാണ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.

മുൻപ് 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ചില ഫെയർനെസ് ക്രീമുകളിൽ അനുവദനീയമായതിലും 20,000 മടങ്ങ് അധികം മെർക്കുറി കണ്ടെത്തിയതായാണ് റിപ്പോർട്ട്. സൗജന്യ സാമ്പിളുകളിലും ചില ലിപ്സ്റ്റിക്കുകളിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

സൗന്ദര്യം വർധിപ്പിക്കാമെന്ന വാഗ്ദാനത്തിൽ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഇതോടെ ശക്തമാകുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4