breaking news New

"ഇത് പിണറായിയുടെ ക്യാബിനറ്റല്ല : വിധേയരുടെ മന്ത്രിസഭയുമല്ല" ; മന്ത്രിമാരുടെ വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡൽഹി: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനം ഉന്നയിച്ചെന്ന വാർത്തകളോട് ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.

മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും സ്വാഭാവികമാണെന്നും ഇത് ആരുടെയും വിധേയത്വത്തിൽ പ്രവർത്തിക്കുന്ന മന്ത്രിസഭയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

"ഒരുപാട് തർക്കങ്ങൾ ഉണ്ടായി. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല, പിണറായിയുടെ ക്യാബിനറ്റുമല്ല" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഉന്നതവിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിസഭയിൽ പ്രധാനമായും ചർച്ചകൾ നടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് എത്രത്തോളം ചർച്ചകൾ നടന്നിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ ഉണ്ടായെങ്കിലും എല്ലാ വിഷയങ്ങളിലും തീരുമാനത്തിലെത്തിയിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നവരെ തള്ളിപ്പറയില്ലെന്നും അവരുടെ അഭിപ്രായങ്ങൾ കേൾക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോൾ ആഗ്രഹിച്ച പല കാര്യങ്ങളും നടപ്പാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. പ്രിയദർശിനി പദ്ധതി, വയോജന വകുപ്പ് രൂപീകരണം തുടങ്ങിയവ സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്നും കിഫ്ബിയെക്കുറിച്ച് പഠനം നടത്തിയതായും മിഷൻ സമുദ്രയ്ക്കായി നിയമനടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ വിവാദമുണ്ടായെന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

ജിഎൻഎ കരാറിൽനിന്ന് സർക്കാർ പിൻവാങ്ങിയെന്ന വാർത്തയും തെറ്റാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരാർ നൽകിയിട്ടില്ലാത്ത സാഹചര്യത്തിൽ അതിൽനിന്ന് പിൻവാങ്ങിയെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെല്ലാം അസത്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ പരസ്യമായി തള്ളിക്കളയാതെ ചർച്ചയിലൂടെ തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4