തിരുവനന്തപുരം :
71 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് ഈ മാസം മുതല്‍ 76 രൂപയാകും. ഇതിനുപുറമേ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തില്‍ വന്‍ വെട്ടിക്കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. 16.08 ലക്ഷം ലിറ്റര്‍ മണ്ണെണ്ണയുടെ കുറവാണ് നിലവില്‍ വരുത്തിയിട്ടുള്ളത്. നേരത്തേ 56.76 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത് 40.68 ലക്ഷം ലിറ്ററായി ചുരുങ്ങി.
വര്‍ഷത്തില്‍ നാല് പാദങ്ങളായാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്നു തവണയും വിഹിതം കുറച്ചിരുന്ന കേന്ദ്രം ഒടുവില്‍ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ വിഹിതത്തിലും വലിയ വെട്ടിക്കുറവാണ് വരുത്തിയത്. സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യുന്ന മണ്ണെണ്ണയിലാണ് ഈ വലിയ കുറവ് വന്നിരിക്കുന്നത്.
സംസ്ഥാനത്തുള്ള 95 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡുടമകളില്‍ 5.94 ലക്ഷത്തോളം വരുന്ന മഞ്ഞക്കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മറ്റ് കാര്‍ഡുടമകള്‍ക്ക് അര ലിറ്ററുമാണ് റേഷന്‍ കടകള്‍ വഴി നല്‍കുന്നത്. എന്നാല്‍ ഇത്തവണ ലഭ്യമായ വിഹിതത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്കും മണ്ണെണ്ണ നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എഞ്ചിന്റെ ശേഷിയനുസരിച്ച് 30 മുതല്‍ 130 ലിറ്റര്‍ വരെ മണ്ണെണ്ണയാണ് മീന്‍പിടിത്ത വള്ളങ്ങള്‍ക്ക് ആവശ്യമുള്ളത്.
കേന്ദ്രവിഹിതം വീണ്ടും വെട്ടിക്കുറച്ചതോടെ മത്സ്യമേഖലയ്ക്ക് ആവശ്യമായ മണ്ണെണ്ണ ഇനി കൃത്യമായി ലഭിക്കില്ലെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന വിഹിതം ഒന്നിനും തികയാത്തതിനാല്‍ കരിഞ്ചന്തയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്കാണ് ഇവര്‍ മണ്ണെണ്ണ വാങ്ങുന്നത്. പുറംവിപണിയില്‍ ലിറ്ററിന് 110 മുതല്‍ 120 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഇപ്പോഴും വള്ളങ്ങളില്‍ ഇന്ധനമായി പ്രധാനമായും മണ്ണെണ്ണ തന്നെയാണ് ഉപയോഗിക്കുന്നത്.
റേഷന്‍ വിഹിതം കുറയ്ക്കുകയും പൊതുവിപണിയില്‍ വില ഉയരുകയും ചെയ്യുന്നത് കരിഞ്ചന്തയിലും മണ്ണെണ്ണവില വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് തൊഴിലാളികളുടെ ഭയം. ഇത് മത്സ്യബന്ധന മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. അതേസമയം കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുകയും വില വര്‍ധിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണവില വീണ്ടും വര്‍ധിപ്പിച്ചു !!
Advertisement
Advertisement
Advertisement