breaking news New

വൈദ്യുതി പ്രതിസന്ധിയുണ്ടോ ? ജി.എൻ.എ കരാർ വിവാദത്തിൽ കെ.എസ്.ഇ.ബിയോട് വിശദീകരണം തേടി സർക്കാർ : നിയമസാധുതയും വൈദ്യുതി ലഭ്യതയും പരിശോധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നുണ്ടെന്ന കെ.എസ്.ഇ.ബിയുടെ മുൻ വിലയിരുത്തലിലും സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലും വ്യക്തത തേടി സർക്കാർ.

നിലവിലെ വൈദ്യുതി ലഭ്യതയും ഉഭയകക്ഷി കരാറിലൂടെ വൈദ്യുതി വാങ്ങുന്നതിന്റെ നിയമസാധുതയും വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഊർജവകുപ്പ് സെക്രട്ടറി കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.

നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയില്ലാത്തതിനാലാണ് ജി.എൻ.എയിൽ നിന്നുള്ള വൈദ്യുതി വാങ്ങൽ ഉപേക്ഷിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിലപാടിനെ മന്ത്രി സണ്ണി ജോസഫ് വിമർശിച്ചതോടെ വിവാദം കൂടുതൽ ശക്തമായി. കരാർ വിവാദമായതിനെ തുടർന്ന് അതിൽനിന്ന് പിന്മാറാനാണ് പ്രതിസന്ധിയില്ലെന്ന നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

മുൻ കെ.എസ്.ഇ.ബി ചെയർമാൻ ഡോ. രാജമാണിക്യത്തിന്റെ കാലത്താണ് വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. ജി.എൻ.എ കരാറിനെ എതിർത്തിരുന്ന അദ്ദേഹത്തെ പിന്നീട് സ്ഥലംമാറ്റിയതും വിവാദത്തിന് ആക്കം കൂട്ടി. വൈദ്യുതി ആവശ്യകത നിർണയിക്കേണ്ട കോർ കമ്മിറ്റി യോഗം ചേരാതെയാണ് പ്രതിസന്ധിയില്ലെന്ന വിവരം നൽകിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ജി.എൻ.എയിൽ നിന്ന് വൈദ്യുതി ലഭ്യമാണെന്ന വിവരം ഒക്ടോബർ 13ന് ചീഫ് സെക്രട്ടറി വഴിയാണ് സർക്കാരിലെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. കമ്പനിയുടെ ഔദ്യോഗിക കത്ത് പത്ത് ദിവസത്തിന് ശേഷമാണ് കെ.എസ്.ഇ.ബിക്ക് ലഭിച്ചത്. ഈ കത്ത് ഔദ്യോഗിക ഫയലിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നും വിവരമുണ്ട്.

ട്രേഡിങ് ലൈസൻസില്ലാത്ത പ്ലാറ്റ്‌ഫോമുകൾ വൈദ്യുതി വിതരണത്തിന് വാഗ്ദാനം നൽകുന്നതിലെ നിയമപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിയുടെ റിപ്പോർട്ട് നിർണായകമാകും. വൈദ്യുതി പ്രതിസന്ധിയുടെ യാഥാർഥ്യവും ജി.എൻ.എ കരാറിന്റെ നിയമസാധുതയും സംബന്ധിച്ച സർക്കാർ നിലപാടിലേക്ക് ഇനി ഉറ്റുനോക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4