breaking news New

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധസദനം സാമൂഹികനീതി വകുപ്പ് അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട്

കണ്ണൂർ :
സൗത്ത് ബസാറിലെ മട്ടമ്മൽ റോഡിൽ രണ്ടര പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചിരുന്ന ‘മൈത്രിസദനം’ ആണു പൂട്ടിച്ചത്.

ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമില്ലെന്നു കണ്ടാണു നടപടി. ‍‍1996 ൽ തുടങ്ങിയ സ്ഥാപനത്തിന് 2017 വരെ മാത്രമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നത്. പിന്നീട് അംഗീകാരം പുതുക്കിയില്ല.

16 വർഷത്തോളം സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചത് ഇ.പി.ജയരാജനായിരുന്നു. അതേസമയം സ്ഥാപനം തുടങ്ങിയതു ഞാൻ മുൻ കയ്യെടുത്താണെങ്കിലും ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായപ്പോൾ നടത്തിപ്പു കൈമാറിയിരുന്നുവെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി.

അന്തേവാസികളെ മറ്റു സദനങ്ങളിലേക്കു മാറ്റി. സ്ഥാപനത്തിലുണ്ടായിരുന്ന 9 അന്തേവാസികളിൽ 4 പേരെ കണ്ണൂർ ഗവ.വൃദ്ധസദനത്തിലേക്കും 3 പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും 2 പേരെ തോട്ടട അഭയനികേതനിലേക്കും മാറ്റി.

ചോർന്നൊലിക്കുന്നതും കോൺക്രീറ്റ് അടർന്നുവീഴുന്നതുമായ അപകടാവസ്ഥയിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു സ്ഥാപനം. മാനദണ്ഡപ്രകാരമുള്ള ബിൽഡിങ് ഫിറ്റ്‌നസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ വർഷങ്ങളായി ലഭ്യമാക്കിയിട്ടില്ല. ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് 2024 ൽ സ്ഥാപനം പൂട്ടാൻ നോട്ടിസ് നൽകിയിരുന്നു.

അന്തേവാസികളിൽനിന്നു തുക ഈടാക്കുന്നുണ്ടെങ്കിലും നിലവാരമുള്ള സേവനങ്ങൾ നൽകിയിരുന്നില്ലെന്നു സാമൂഹികനീതി വകുപ്പ് പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5