breaking news New

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ രാജ്യത്തിന് ഒരു വലിയ പരീക്ഷണമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

അമേരിക്കന്‍ സുപ്രീം കോടതി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫുകള്‍ റദ്ദാക്കിയതോടെ, മോദിയുടെ വഞ്ചന തുറന്നുകാട്ടപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അമേരിക്കയ്ക്ക് മുന്നില്‍ വിധേയപ്പെട്ടുവെന്നും ഇതില്‍ വീണ്ടും ഉപാധിവെയ്ക്കാനോ ചര്‍ച്ച നടത്താനോ മോദിയ്ക്ക് കഴിയില്ലെന്നും വീണ്ടും ട്രംപിന് മുന്നില്‍ അടിയറവ് പറയുമെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഇന്ത്യ ഉറങ്ങുന്ന അര്‍ദ്ധരാത്രിയില്‍ നരേന്ദ്ര മോദി അമേരിക്കയുമായി വ്യാപാര കരാറുണ്ടാക്കിയത് രാജ്യത്തെ നടുക്കിയിരുന്നു. അമേരിക്കയുടെ പകരച്ചൂങ്കവും ട്രംപിന്റെ തിട്ടൂരത്തിനനുസരിച്ചുള്ള കരാര്‍ വ്യവസ്ഥകളും പാര്‍ലമെന്റില്‍ വലിയ ചോദ്യം ഉയര്‍ത്തുമ്പോള്‍ ഉത്തരം പറയാതെ ലോക്‌സഭയിലെത്താതിരുന്ന നരേന്ദ്ര മോദിയുടെ രീതിയും രാജ്യം ചര്‍ച്ച ചെയ്തതാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വ്യാപാര നികുതികള്‍ നിയമവിരുദ്ധമാണെന്നാണ് യുഎസ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ട്രംപിന്റെ അമിതാധികാര പ്രയോഗത്തിന് കടുത്ത തിരിച്ചടി നല്‍കി പകരച്ചുങ്കം റദ്ദാക്കി കളയുകയാണ് യുഎസ് സുപ്രീം കോടതി ചെയ്തത്. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ വലിയ നേട്ടമെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാരും ബിജെപി അനുകൂലികളും ഇത്രയും നാള്‍ പൊലിപ്പിച്ചു പറഞ്ഞു നടന്നത്. എന്നാല്‍ അമേരിക്കയുടെ മറ്റ് രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള നികുതി നടപടിയെ സ്വന്തം പരമോന്നത നീതി പീഠം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

ഇപ്പോള്‍ ഉയരുന്ന ചോദ്യം രണ്ടാഴ്ചയ്ക്കുള്ളില്‍ യുഎസ് സുപ്രീം കോടതി വിധി വരുമെന്നിരിക്കെ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഇടക്കാല കരാര്‍ അമേരിക്കയുമായി ഉണ്ടാക്കിയതെന്നാണ്. പ്രസിഡന്റ് തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് യുഎസ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നിരീക്ഷിച്ചത്.

പ്രധാനമന്ത്രി തന്റെ ദുര്‍ബലമായ പ്രതിച്ഛായ സംരക്ഷിക്കാനുള്ള തിടുക്കത്തിലാണ് ഈ കരാറില്‍ ഒപ്പിട്ടതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും വിമര്‍ശിച്ചു. ഫെബ്രുവരി രണ്ടിന് രാത്രി ഇത്തരമൊരു പ്രഖ്യാപനം നടത്താന്‍ മോദിയെ പ്രേരിപ്പിച്ചത് എന്താണെന്ന് ജയറാം രമേശ് ചോദിച്ചു. ലോക്‌സഭയില്‍ അന്നുണ്ടായ ചില സംഭവങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദി അമേരിക്കയെ സമീപിച്ചതെന്നും 18 ദിവസം കൂടി കാത്തിരുന്നിരുന്നെങ്കില്‍ ഇന്ത്യന്‍ കര്‍ഷകരെ ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

ഈ കോടതി വിധിക്ക് പിന്നാലെയും ഇന്ത്യയുമായുള്ള കരാറില്‍ മാറ്റമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കരാര്‍ മൂലം വരും വര്‍ഷങ്ങളില്‍ ഏകദേശം 500 ബില്യണ്‍ ഡോളര്‍ (45 ലക്ഷം കോടി രൂപ) മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ബാധ്യസ്ഥരാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെയും കര്‍ഷകരെയും ദോഷകരമായി ബാധിക്കും. കൃഷിക്കുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കാനും ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇറക്കുമതി ചെയ്യാനും ഇന്ത്യ നിര്‍ബന്ധിതമാകുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ അവകാശം ഈ കരാറിലൂടെ നഷ്ടപ്പെട്ടതായും സുര്‍ജേവാല ഓര്‍മ്മിപ്പിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t