breaking news New

മദ്യപിച്ച് വാഹനമോടിച്ചാൽ പിടിവീഴും ; ലൈസൻസ് തിരിച്ചുകിട്ടാൻ മൂന്ന് ദിവസത്തെ പരിശീലനം നിർബന്ധം : ലഹരിയിൽ വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും ; പകലും രാത്രിയും പരിശോധന ശക്തമാക്കുന്നു

തിരുവനന്തപുരം :
ലഹരിയിൽ വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും. പകലും രാത്രിയും പരിശോധന ശക്തമാക്കുന്നു.

ലഹരിയിൽ വാഹനമോടിച്ചുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പരിശോധനയും നടപടികളും കർശനമാക്കി മോട്ടോർ വാഹന വകുപ്പും പൊലീസും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പകലും രാത്രിയും ഒരുപോലെ പരിശോധന നടത്തും.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോട്ടയം ജില്ലയിൽ മാത്രം 528 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്. ഇത്തരക്കാരുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് ശുപാർശ നൽകുന്നുണ്ട്.

മദ്യപിച്ച് വാഹനമോടിച്ചതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ കോട്ടയം ജില്ലയിൽ മാത്രം 240 പേരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞാലും ലൈസൻസ് സ്വമേധയാ പുനഃസ്ഥാപിക്കില്ല. മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ മൂന്ന് ദിവസത്തെ കറക്ടീവ് ട്രെയിനിങ് പ്രോഗ്രാം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടണം. ഇതിനു ശേഷമേ ലൈസൻസ് തിരിച്ചുനൽകൂ. ഉത്തരവാദിത്തപൂർണമായ ഡ്രൈവിങ് ശീലം വളർത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

മോട്ടോർ വാഹന നിയമപ്രകാരം മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ബ്രെത്ത് അനലൈസർ പരിശോധനയിലോ ലാബ് പരിശോധനയിലോ 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ ആൽക്കഹോൾ കണ്ടെത്തിയാൽ കേസെടുക്കും.

ആദ്യ തവണ കുറ്റം ചെയ്താൽ ആറുമാസം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം വരെ തടവോ 15,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കും.

ഗുരുതര സാഹചര്യങ്ങളിൽ വൈദ്യപരിശോധന നടത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്യും. സ്റ്റേഷൻ ജാമ്യം ലഭിച്ചാലും കേസ് കോടതിയിലെത്തും. കോടതി സമൻസ് ലഭിക്കുന്നതനുസരിച്ച് പ്രതികൾ ഹാജരാകണം. ലഹരിയിലായുള്ള ഡ്രൈവിങ് തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പരിശോധനയും തുടർനടപടികളും ശക്തമാക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4