breaking news New

കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം ; കുറഞ്ഞ തുകയിലുള്ള വോയ്സ്–എസ്.എം.എസ് റീചാർജ് വൗച്ചറുകൾ നിർബന്ധമാക്കി ട്രായ്

ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടത്തിന്റെ പതിമ്മൂന്നാം ഭേദഗതിയിലാണ് ട്രായ് ഈ പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമായും ചെറു വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

പുതിയ ഉത്തരവനുസരിച്ച് ടെലികോം കമ്പനികള്‍ 30 ദിവസവും അതില്‍ കുറവുമുള്ള കാലാവധികളില്‍ വോയ്‌സ്, എസ്.എം.എസ്. സേവനങ്ങൾ മാത്രം ഉള്‍പ്പെടുന്ന പ്രത്യേക താരിഫ് വൗച്ചറുകള്‍ നിര്‍ബന്ധമായും പുറത്തിറക്കേണ്ടതുണ്ട്. കൂടാതെ, എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന വൗച്ചറുകളും ഡേറ്റയുമായി ബന്ധിപ്പിക്കാത്ത ദീര്‍ഘകാല വൗച്ചറുകളും ലഭ്യമാക്കണം. ഡേറ്റ പായ്ക്കുകളുമായി നിര്‍ബന്ധമായി കൂട്ടിക്കെട്ടാതെ, ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാത്രം മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് ഈ നിയമഭേദഗതിയിലൂടെ ട്രായ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഏപ്രില്‍ ഏഴിന് പുറത്തിറക്കിയ കരട് നിര്‍ദേശങ്ങളില്‍ ലഭിച്ച പൊതുജന അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ് നിലവിലെ ഭേദഗതികള്‍ തയാറാക്കിയിരിക്കുന്നത്. 2024-ല്‍ പന്ത്രണ്ടാം ഭേദഗതി നടപ്പാക്കിയ സമയത്ത് വോയ്‌സ്, എസ്.എം.എസ്. സേവനങ്ങള്‍ മാത്രമുള്ള വൗച്ചറുകള്‍ ദീര്‍ഘകാല പ്ലാനുകളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരുന്നു. ഇതിനാല്‍ ചെറിയ തുകയുടെ കുറഞ്ഞ കാലാവധിയുള്ള വൗച്ചറുകള്‍ ലഭ്യമാകാതിരുന്നത് സാധാരണക്കാരായ ചെറുവരുമാനക്കാര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പുതിയ നിര്‍ദേശത്തോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4