breaking news New

സ്വതന്ത്ര ജേണലിസ്റ്റുകൾക്കും റീൽ മേക്കർമാർക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ് ; എല്ലാ പൗരന്മാരും മാധ്യമപ്രവർത്തകരായാൽ കാര്യങ്ങൾ കുഴയും !

ഡൽഹി : പ്രതിഷേധ വേദികളില്‍ രജിസ്റ്റര്‍ ചെയ്ത മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെ കൂടാതെ ഫ്രീലാന്‍സര്‍മാരും സ്വതന്ത്ര ജേണലിസ്റ്റുകളും റീല്‍ നിര്‍മ്മാതാക്കളും വന്‍തോതില്‍ എത്തുന്ന സാഹചര്യത്തില്‍, ഇവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ സുപ്രധാന പരാമര്‍ശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന സ്വതന്ത്ര, ഫ്രീലാന്‍സര്‍ മാധ്യമപ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് അംഗീകരിക്കുന്നില്ലെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് കോടതിയില്‍ വാദിച്ചു.

തൊഴിലുടമയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള ഏതൊരു മാധ്യമപ്രവര്‍ത്തകന്റെയും ഔദ്യോഗിക ജോലിയെ പോലീസ് തടസ്സപ്പെടുത്താതിരിക്കാന്‍ രാജ്യവ്യാപകമായി ഒരു പ്രത്യേക പ്രോട്ടോക്കോള്‍ ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഹര്‍ജിയിലെ വാദങ്ങള്‍ കേട്ട ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യത്തില്‍ അതീവ ജാഗ്രത പ്രകടിപ്പിച്ചു. 'നമ്മള്‍ ഒരു കാര്യം കൂടി ഓര്‍ക്കണം എല്ലാവരും മാധ്യമപ്രവര്‍ത്തകരായി മാറാന്‍ തുടങ്ങിയാല്‍, അത് മറ്റെല്ലാ വ്യക്തികള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും,' അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഓരോ പൗരനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനാകാന്‍ അവകാശമുണ്ടോ എന്നത് വിശദമായ പരിശോധന ആവശ്യപ്പെടുന്ന കാര്യമാണെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും കൂട്ടിച്ചേര്‍ത്തു.

അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍, ഫ്രീലാന്‍സര്‍മാര്‍, ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, റീല്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കൊക്കെ സംരക്ഷണത്തില്‍ വ്യത്യസ്ത തലങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4