breaking news New

ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശം ; കുട്ടികളുടെ ഓൺലൈൻ സ്വാതന്ത്ര്യത്തിന് പൂർണ വിലക്ക് പാടില്ലെന്ന് സുപ്രീം കോടതി

ഡൽഹി :
ഭരണഘടനയുടെ 19(1)(a), 21 എന്നീ വകുപ്പുകള്‍ പ്രകാരം കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്നത് അസംബന്ധമാണെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്താമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളിലും കുട്ടികളുടെ ലൈംഗിക ചൂഷണവും ദുരുപയോഗവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള വിധിയിലാണ് സുപ്രീംകോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. പ്രായഭേദമന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവരെപ്പോലെ തന്നെ ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അവ നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും കോടതി അടിവരയിട്ടു.

ഭരണഘടനയുടെ 19(1)(a) അനുച്ഛേദം ഉറപ്പുനല്‍കുന്ന അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ വിവരങ്ങളും ആശയങ്ങളും അറിയാനും സ്വീകരിക്കാനും മറ്റുള്ളവരുമായി പങ്കുവെക്കാനുമുള്ള അവകാശവും അടങ്ങിയിട്ടുണ്ടെന്ന് വിധിന്യായത്തില്‍ കോടതി ഓര്‍മിപ്പിച്ചു. ആശയങ്ങളുടെയും സര്‍ഗ്ഗാത്മക പ്രകടനങ്ങളുടെയും വലിയൊരു വ്യാപാരകേന്ദ്രമാണ് ഡിജിറ്റല്‍ ലോകം. വിവര ശേഖരണത്തിന് മാത്രമല്ല, വ്യക്തിത്വ വികസനത്തിനും പുതിയ അറിവുകള്‍ സ്വായത്തമാക്കാനും ഇന്റര്‍നെറ്റ് സംവിധാനം പരമപ്രധാനമാണ്. പ്രത്യേകിച്ച് ഉള്‍നാടുകളിലും വിദൂര ഗ്രാമങ്ങളിലും കഴിയുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം പഠനത്തിനും വിവരങ്ങള്‍ക്കുമുള്ള ഏക ആശ്രയം പലപ്പോഴും ഇന്റര്‍നെറ്റ് ആണെന്ന യാഥാര്‍ത്ഥ്യം കോടതി എടുത്തു പറഞ്ഞു. കൂടാതെ പ്രത്യേക പരിഗണനയും സഹായവും അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് തങ്ങളെപ്പോലെയുള്ള കൂട്ടുകാരെ കണ്ടെത്താനും ആശയവിനിമയം നടത്താനും സാധിക്കുന്ന ഏക ഇടം പലപ്പോഴും ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ലോകം കുട്ടികള്‍ക്ക് പൂര്‍ണമായും സുരക്ഷിതമല്ലെന്ന വാദം ഭരണഘടനാ ബെഞ്ച് അംഗീകരിച്ചു. എങ്കിലും, ദോഷകരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും നീക്കം ചെയ്യാനും ഇന്റര്‍നെറ്റ് ഇടനിലക്കാര്‍ പരാജയപ്പെടുന്നു എന്ന കാരണത്താല്‍ കുട്ടികളെ ഡിജിറ്റല്‍ ലോകത്തുനിന്ന് അകറ്റി നിര്‍ത്തുന്നത് നീതിയുക്തമല്ലെന്ന് കോടതി വ്യക്തമാക്കി. യഥാര്‍ത്ഥ പ്രശ്നക്കാരെയും കുറ്റവാളികളെയും ശിക്ഷിക്കുന്നതിന് പകരം ഇരകളായ കുട്ടികളെ വിലക്കുന്നത് ഇരയെത്തന്നെ കുറ്റക്കാരനായി കാണുന്നതിന് തുല്യമാണ്. നിയമം വഴി നിരോധനം ഏര്‍പ്പെടുത്തിയതുകൊണ്ടുമാത്രം കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് അവസാനിപ്പിക്കില്ലെന്നും, പകരം നിയന്ത്രണങ്ങളില്ലാത്തതും അപകടകരവുമായ മറ്റ് രഹസ്യ പ്ലാറ്റ്ഫോമുകളിലേക്ക് അവര്‍ വഴിമാറാനാണ് സാധ്യതയെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ സ്വാതന്ത്ര്യത്തിന് മേല്‍ ഏര്‍പ്പെടുത്തുന്ന ഇത്തരം പൊതുവായ നിരോധനങ്ങള്‍ അനാവശ്യ നടപടികളാണെന്ന് കോടതി നിരീക്ഷിച്ചു.

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയും അവരുടെ വ്യക്തിസ്വാതന്ത്ര്യവും പരസ്പര വിരുദ്ധമായ കാര്യങ്ങളല്ലെന്നും, കുട്ടികള്‍ക്ക് ഈ രണ്ട് അവകാശങ്ങള്‍ക്കും ഒരുപോലെ അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുട്ടികളെ ഓണ്‍ലൈന്‍ അപായങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതിന്റെ അര്‍ഥം അവരുടെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിഷേധിക്കുക എന്നാകരുത്. കുട്ടികളുടെ മാനസിക-വൈകാരിക ആരോഗ്യത്തെ ബാധിക്കുന്നു എന്ന പേര് പറഞ്ഞ് പ്ലാറ്റ്ഫോമുകളില്‍ ഏര്‍പ്പെടുത്തുന്ന വിവേചനപരമായ സമ്പൂര്‍ണ വിലക്കുകള്‍ ഭരണഘടനാപരമായ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. കുട്ടികള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് തെളിയിക്കാന്‍ സമ്പൂര്‍ണ്ണ വിലക്കുകള്‍ കൊണ്ട് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ രീതിയില്‍ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനും ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാനും ചില പ്രായോഗിക സുരക്ഷാ മുന്‍കരുതലുകള്‍ ആവശ്യമാണെന്ന് ബെഞ്ച് നിര്‍ദ്ദേശിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് മാതാപിതാക്കളുടെ സമ്മതം, വഴിനടത്തല്‍, മേല്‍നോട്ടം എന്നിവ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ പ്ലാറ്റ്ഫോമുകള്‍ ഒരുക്കണം. കൂടാതെ കുട്ടികളുടെ അക്കൗണ്ടുകള്‍ക്കായി പ്രത്യേകമായി ഒരു 'ചൈല്‍ഡ് മോഡ്' സംവിധാനം സജ്ജമാക്കണം. ഇതിലൂടെ ഡിജിറ്റല്‍ ഇടങ്ങളില്‍ കുട്ടികള്‍ നേരിടുന്ന ഭീഷണികളെ ഒരു പരിധി വരെ ലഘൂകരിക്കാന്‍ സാധിക്കും.

കുട്ടികളുടെ അക്കൗണ്ടുകള്‍ ഡിഫാള്‍ട്ട് ആയി പ്രൈവറ്റ് ആക്കുക, അറിയപ്പെടാത്ത മുതിര്‍ന്നവരില്‍ നിന്നുള്ള സന്ദേശങ്ങളും കോണ്‍ടാക്റ്റുകളും നിയന്ത്രിക്കുക, കുട്ടികള്‍ക്ക് ലഭ്യമാകുന്ന പരസ്യങ്ങളും ഉള്ളടക്കങ്ങളും കൃത്യമായി മോഡറേറ്റ് ചെയ്യുക എന്നിവ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. കൗമാരപ്രായത്തിന് താഴെയുള്ള കുട്ടികള്‍ക്കായി മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കുന്ന ന്യായമായ രീതികളിലൂടെ ഈ സംവിധാനങ്ങള്‍ നടപ്പിലാക്കാവുന്നതാണ്. ഇതിനായി കൃത്യമായ നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാരിന്റെ വിവേചനത്തിന് വിടുകയാണെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കുട്ടികള്‍ക്ക് ദോഷകരമായേക്കാവുന്ന മുതിര്‍ന്നവര്‍ക്കായുള്ള അശ്ലീല വെബ്സൈറ്റുകള്‍ (Adult content) പോലെയുള്ള പ്രത്യേക വിഭാഗത്തിലുള്ള ഉള്ളടക്കങ്ങളിലേക്കോ സേവനങ്ങളിലേക്കോ ഉള്ള പ്രവേശനം തടയുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ കോടതിയുടെ ഈ ഉത്തരവ് തടയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാപരമായ നിയന്ത്രണങ്ങള്‍ അനുസരിച്ച് കുട്ടികളുടെ സുരക്ഷയ്ക്കായി അത്തരം വെബ്സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് പൂര്‍ണ്ണ അധികാരമുണ്ട്. അതേസമയം ഇന്റര്‍നെറ്റ് ഉപയോഗം നിഷേധിക്കലല്ല, മറിച്ച് അപകടകരമായ ഉള്ളടക്കങ്ങളെ തടയുകയാണ് ആവശ്യമെന്ന് കോടതി ഊന്നിപ്പറഞ്ഞു.

2020-ലെ ചരിത്രപരമായ അനുരാധ ഭാസിന്‍ കേസ്, 2025-ലെ പ്രഗ്യ പ്രസൂന്‍ കേസ് തുടങ്ങിയ സുപ്രധാന വിധികള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഈ പുതിയ നിരീക്ഷണം നടത്തിയത്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഒരു സമഗ്ര ദേശീയ ഡേറ്റാബേസ് രൂപീകരിക്കാനും കേന്ദ്ര സര്‍ക്കാറിന് കോടതി ഉത്തരവ് നല്‍കി. സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ കുട്ടികളുടെ സംരക്ഷണവും സ്വാതന്ത്ര്യവും കൈകോര്‍ത്തു പോകണമെന്ന വലിയ സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീം കോടതി രാജ്യത്തിന് നല്‍കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4