breaking news New

വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ വാഹനങ്ങള്‍ ബലം പ്രയോഗിച്ച് പിടിച്ചെടുക്കരുതെന്ന് സുപ്രീംകോടതി

വാഹനം ബലംപ്രയോഗിച്ച് പിടിച്ചെടുക്കാന്‍ ഗുണ്ടകളെ നിയോഗിക്കരുത്. ബാങ്കുകളും നോണ്‍-ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി(എന്‍ബിഎഫ്‌സി)കളും ബലംപ്രയോഗിച്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആര്‍ബിഐക്ക് കര്‍ശന നിര്‍ദേശവും സുപ്രീംകോടതി നല്‍കി. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

റിക്കവറി നടപടികള്‍ സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും മാസ്റ്റര്‍ സര്‍ക്കുലറുകളും പ്രാവര്‍ത്തികമാക്കുന്നില്ലെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു. ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി പാതിരാത്രിയില്‍ അക്രമം നടത്തി ട്രക്ക് കടത്തിക്കൊണ്ട്‌പോയ കേസില്‍ ട്രക്ക് ഉടമയ്‌ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.

വായ്‌പ അടവ് മുടങ്ങിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 10 നിബന്ധനകളും ഉത്തരവിലുണ്ട്. വായ്‌പ തിരിച്ചടവിനായി അസമയത്ത് നിരന്തരം ശല്യപ്പെടുത്തുകയോ കായികബലം ഉപയോഗിക്കുകയോ ചെയ്യരുതെന്നും വാഹനം പിടിച്ചെടുക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വായ്‌പാ കരാറിലെ വാഹനം തിരിച്ചുപിടിക്കല്‍ വ്യവസ്ഥകള്‍ 1872-ലെ കരാര്‍ നിയമത്തിന് അനുസൃതമായിരിക്കണം. വാഹനം പിടിച്ചെടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കാലാവധി, ലേലത്തിന് മുന്‍പ് തിരിച്ചടവിന് നല്‍കുന്ന അവസാന അവസരം, വാഹനം തിരികെ നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്നിവ കരാറില്‍ വ്യക്തമാക്കണം. റിക്കവറി ഏജന്റുമാരെ നിയമിക്കുമ്പോള്‍ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഫീല്‍ഡ് സ്റ്റാഫുകള്‍ക്ക് മതിയായ പരിശീലനവും യോഗ്യതയും ഉണ്ടായിരിക്കണം.

റിക്കവറി ഏജന്റുമാര്‍ ബാങ്കിങ് കോഡുകളും നിര്‍ദേശങ്ങളും പാലിക്കണം. റിക്കവറി സംബന്ധിച്ച അതിക്രമങ്ങളിലോ ചട്ടലംഘനങ്ങളിലോ ഉയരുന്ന പരാതികള്‍ ആര്‍ബിഐ ഗൗരവമായി പരിഗണിക്കണം. ചട്ടങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തണം. വായ്‌പക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ ക്രഡിറ്റ് കൗണ്‍സിലര്‍മാരെ നിയോഗിക്കണം. എന്‍ബിഎഫ്‌സി-മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ തങ്ങളുടെ പെരുമാറ്റച്ചട്ടം ശാഖകളില്‍ പ്രാദേശിക ഭാഷയില്‍ പ്രദര്‍ശിപ്പിക്കണം. റിക്കവറി നടപടികള്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ വെച്ചായിരിക്കണമെന്നും രണ്ടോ അതിലധികമോ തവണ ഹാജരാകാതിരുന്നാല്‍ മാത്രമേ വായ്‌പക്കാരന്റെ വീട്ടിലോ ജോലിസ്ഥലത്തോ പോകാവൂയെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4