കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാൻ റെയിൽവേ ബോർഡിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. 2027 ജനുവരി ഒന്ന് മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകും. നിലവിൽ സൂപ്പർഫാസ്റ്റ് ട്രെയിനുകൾക്ക് അധികമായി ഈടാക്കുന്ന 15 രൂപ മുതൽ 45 രൂപ വരെയുള്ള സപ്ലിമെന്ററി ചാർജ് ഇനി നൽകേണ്ടിവരില്ല. എന്നാൽ ട്രെയിനുകളുടെ സമയക്രമത്തിലോ സ്റ്റോപ്പുകളിലോ മാറ്റമുണ്ടാകില്ല. നിലവിലെ സർവീസ് രീതിയിൽ തന്നെ ട്രെയിനുകൾ തുടരും.
പ്രധാനമായും രണ്ട് ജനശതാബ്ദി സർവീസുകളുടെ നമ്പറുകളിലാണ് മാറ്റം വരുന്നത്. കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയുടെ നിലവിലെ നമ്പറായ 12075 മാറി 16375 ആകും. മടക്കയാത്രയുടെ നമ്പർ 16376 ആയും മാറും. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിയുടെ 12081 എന്ന നമ്പർ 16379 ആകുമ്പോൾ തിരുവനന്തപുരം–കണ്ണൂർ സർവീസിന്റെ പുതിയ നമ്പർ 16380 ആയിരിക്കും.
എറണാകുളം–പട്ന ബൈവീക്കിലി എക്സ്പ്രസിന്റെ നമ്പർ 22643-ൽ നിന്ന് 16359 ആയും പട്ന–എറണാകുളം സർവീസിന്റെ നമ്പർ 22644-ൽ നിന്ന് 16360 ആയും മാറും.
തിരുവനന്തപുരം നോർത്ത്–ലോക്മാന്യതിലക് സർവീസുകളുടെയും നമ്പറുകൾ പരിഷ്കരിക്കും. നിലവിലെ 12201, 12202 എന്നീ നമ്പറുകൾ യഥാക്രമം 16371, 16372 എന്നിങ്ങനെയാകും. എന്നാൽ ഈ രണ്ട് സർവീസുകളിലെയും നമ്പർ മാറ്റം ജനുവരി ഒന്നിന് നടപ്പാക്കില്ല. ജനുവരി ആദ്യവാരത്തിന് ശേഷമായിരിക്കും പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരിക.
സൂപ്പർഫാസ്റ്റ് ചാർജ് ഒഴിവാകുന്നതോടെ യാത്രക്കാർക്ക് സാമ്പത്തിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ട് ട്രെയിനുകളുടെ സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നു ; 2027 ജനുവരി മുതൽ ടിക്കറ്റ് നിരക്ക് കുറയും : പുതിയ ട്രെയിൻ നമ്പറുകളും പ്രഖ്യാപിച്ചു
Advertisement
Advertisement
Advertisement