ട്രാഫിക് പിഴകൾ ഈടാക്കുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
ഇ-ചലാനുകൾ നൽകുന്നതിൽമാത്രം അധികാരികൾ ഒതുങ്ങരുതെന്നും പിഴ ഫലപ്രദമായി ഈടാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ജസ്റ്റിസ് പർദിവാല ആവശ്യപ്പെട്ടു.
പോലീസ് ആയിരക്കണക്കിനും ലക്ഷക്കണക്കിനും ഇ-ചലാനുകൾ നൽകിയേക്കാമെങ്കിലും, ആ തുക എങ്ങനെ ഈടാക്കും എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി വ്യക്തമാക്കി. ആളുകൾ ട്രാഫിക് ചലാൻ തുക അടയ്ക്കുന്നില്ലെങ്കിൽ, അത് അവരുടെ വൈദ്യുതി കുടിശ്ശിക ബില്ലിൽ ചേർക്കണമെന്നും, വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നതിനാൽ അവർ തുക അടയ്ക്കാൻ നിർബന്ധിതരായിത്തീരുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
രാജ്യത്ത് ഇ-ചലാനുകൾ വഴി 45,000 കോടി രൂപ ഈടാക്കാനുണ്ടെന്നും ഇതുവരെ 25,000 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായതെന്നും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർണായക നിർദേശം കോടതി മുന്നോട്ടുവെച്ചത്. കുടിശ്ശികയുള്ള എല്ലാ ചലാനുകളും തീർപ്പാക്കുന്നതുവരെ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർറ്റിഫിക്കറ്റ് (ആർ.സി) പുതുക്കുന്നത് തടയുക, ഡ്യൂപ്ലിക്കേറ്റ് സർറ്റിഫിക്കറ്റുകൾ ഒഴിവാക്കുക, ഉടമസ്ഥാവകാശ വിവരങ്ങളിലെ മാറ്റങ്ങൾ തടയുക തുടങ്ങിയ മാർഗങ്ങളും കോടതിയിൽ ചർച്ചയായി.
പരിവാഹൻ പോർട്ടലിൽ കുടിശ്ശികയുള്ള വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ഉടമസ്ഥാവകാശ കൈമാറ്റം തടയാനും കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ, അത്തരം വാഹനങ്ങളുടെ ഫിറ്റ്നസ്, പൊല്യൂഷൻ സർറ്റിഫിക്കറ്റുകൾ തടഞ്ഞുവെക്കുന്നതിനെക്കുറിച്ചും, ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കുന്നത് തടയുന്നതിനെയും നിലവിലുള്ള ലൈസൻസുകൾ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനെയും കുറിച്ച് ബെഞ്ച് ചർച്ച ചെയ്തു.
മിന്നൽ പരിശോധനകൾ നടത്തി ഇ-ചലാൻ തുക അടച്ചിട്ടില്ലെന്ന് കണ്ടെത്തിയാൽ വാഹനം പിടിച്ചെടുക്കുന്നതിനുള്ള ആവശ്യമായ നടപടികൾ താഴെത്തട്ടിൽ ഫലപ്രദമായി നടപ്പാക്കണമെന്നും കോടതി ഓർപ്പിച്ചു.
കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഓർത്തോപീഡിക് സർജൻ എസ്. രാജശേഖരൻ 2012-ൽ റോഡ് സുരക്ഷയ്ക്കായി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയുടെ ഭാഗമായാണ് കോടതി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
ട്രാഫിക് പിഴ കുടിശ്ശികയിൽ കടുത്ത നടപടി ; പിഴ വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്തണം ; ആർ.സി പുതുക്കലും ഉടമസ്ഥാവകാശ കൈമാറ്റവും തടയണം ; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം !!
Advertisement
Advertisement
Advertisement