breaking news New

ആണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം : മുടിയുടെ നീളത്തിന്റെ പേരില്‍ കുട്ടികളെ ക്ലാസ്സില്‍ നിന്ന് മാറ്റി നിര്‍ത്താനോ, മാനസികമായി ബുദ്ധിമുട്ടിക്കാനോ, ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷന്‍ അംഗം പി. ഷാജേഷ് ഭാസ്‌കര്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ ബാഹ്യരൂപത്തേക്കാള്‍ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് വിദ്യാലയങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും മുടി സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് ബാധ്യതയുണ്ട്. ലബോറട്ടറി പ്രവര്‍ത്തനങ്ങള്‍, കായിക മത്സരങ്ങള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി നിര്‍ബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയര്‍ ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമാകുന്ന കെമിക്കലുകളോ കളറുകളോ മുടിയില്‍ ഉപയോഗിക്കരുത്.

ലിംഗനിര്‍ണയം നടത്തിയിട്ടില്ലാത്ത കുട്ടികള്‍ക്ക് താല്‍പര്യത്തിന് അനുസരിച്ച് മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂര്‍ണ അവകാശമുണ്ട്. ഈ വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പും സിബിഎസ്ഇയും അടിയന്തിരമായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കണം. ആണ്‍കുട്ടികളെയും ലിംഗനിര്‍ണയം നടത്താത്ത കുട്ടികളെയും കൂടി ഉള്‍പ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരുടെ അഭിപ്രായം കേട്ട ശേഷമായിരിക്കണം സ്‌കൂളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് 45 ദിവസത്തിനകം സമര്‍പ്പിക്കേണ്ടതുണ്ട്.

ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന് അവകാശപ്പെടുമ്പോഴും നീളത്തില്‍ മുടിവളര്‍ത്തുന്ന കുട്ടികളോട് സ്‌കൂളുകള്‍ വിവേചനം കാണിക്കുന്നുവെന്ന് കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദുമേനോന്‍ നല്‍കിയ ഹര്‍ജിയും, പതിനൊന്നാം ക്ലാസുകാരനോട് മുടി വെട്ടാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്ന് കോട്ടക്കല്‍ സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്റെ ഈ സുപ്രധാന ഉത്തരവ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4