breaking news New

വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം

2031 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി നീട്ടിയത്. അടുത്ത അഞ്ച് വർഷത്തിനിടെ 2.5 ലക്ഷം സംരംഭകർക്ക് കൂടി സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ തുടർച്ചയ്ക്കായി 4,111 കോടി രൂപയുടെ വായ്പാ ഗ്യാരന്റി ഫണ്ടും മന്ത്രിസഭ അംഗീകരിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് തീരുമാനം അറിയിച്ചത്. വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണം ലഭിച്ചതിനാലാണ് കാലാവധി നീട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പദ്ധതിപ്രകാരം പുതിയ സംരംഭങ്ങൾ തുടങ്ങാൻ അർഹരായവർക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിൽ ഒരു കോടി രൂപ വരെ വായ്പ ലഭിക്കും. ഉൽപാദനം, സേവനം, വ്യാപാരം, കാർഷിക അനുബന്ധ മേഖലകൾ എന്നിവയിൽ സംരംഭങ്ങൾ ആരംഭിക്കാനാണ് ഈ സഹായം. കാലാവധി വായ്പയായോ പ്രവർത്തന മൂലധനവും കാലാവധി വായ്പയും ചേർത്തോ തുക ലഭ്യമാക്കാം. പദ്ധതി ചെലവിന്റെ 85 ശതമാനം വരെ വായ്പയായി അനുവദിക്കാനാണ് വ്യവസ്ഥ.

വായ്പ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനായി വായ്പാ തുകയുടെ 85 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരന്റി പരിരക്ഷയും ലഭിക്കും. ഗ്യാരന്റി ഫീസ് 0.5 ശതമാനമായി നിശ്ചയിച്ചിട്ടുണ്ടെന്നും അധിക റിസ്ക് പ്രീമിയം ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ബാങ്ക് ശാഖയിലും ശരാശരി രണ്ട് വായ്പകൾ അനുവദിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൽ ഒന്ന് വനിതാ സംരംഭകയ്ക്കും മറ്റൊന്ന് പട്ടികജാതി അല്ലെങ്കിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സംരംഭകനുമാണ് ലക്ഷ്യമിടുന്നത്. വായ്പയ്ക്ക് അപേക്ഷിക്കുന്നതു മുതൽ സംരംഭം വികസിപ്പിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലും പദ്ധതിയുടെ പിന്തുണ ലഭിക്കും.

2016 ഏപ്രിലിൽ ആരംഭിച്ച സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയിലൂടെ ഇതുവരെ 2.75 ലക്ഷത്തിലധികം വനിതകൾക്കും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും വായ്പ ലഭ്യമാക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ കാലാവധി നീട്ടൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വായ്പാ ലഭ്യത വർധിപ്പിക്കാനും പുതിയ സംരംഭങ്ങൾക്കും തൊഴിൽ അവസരങ്ങൾക്കും പ്രോത്സാഹനം നൽകാനും സഹായിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4