ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമി തിതിയും രോഹിണി നക്ഷത്രവും ഒത്തുവരുന്ന ഈ വിശേഷപ്പെട്ട ദിനത്തിൽ, സംസ്ഥാനത്തെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി വിവിധയിടങ്ങളിൽ പ്രത്യേക പൂജകളും ചടങ്ങുകളും പുലർച്ചെ മുതൽ ആരംഭിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
“മായ വിട്ടുണരൂ, മാനവനായി വളരൂ” എന്ന സന്ദേശമുയർത്തിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ നടക്കുന്നത്. സംസ്ഥാനത്തെമ്പാടുമായി ആയിരക്കണക്കിന് ശോഭായാത്രകളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണി മുതൽ നടക്കുന്നത്.
കുട്ടികൾ ഉണ്ണിക്കണ്ണന്റെയും രാധയുടെയും മറ്റ് പൗരാണിക കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ് ശോഭായാത്രകളിൽ അണിനിരക്കുന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നാരംഭിക്കുന്ന ചെറിയ ശോഭായാത്രകൾ പിന്നീട് പ്രധാന കേന്ദ്രങ്ങളിൽ ഒത്തുകൂടി മഹാശോഭായാത്രകളായി മാറും. തുടർന്ന് പ്രാർത്ഥനകൾ, ഉറിയടി, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയോടെ പരിപാടികൾ സമാപിക്കും.
എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ...