breaking news New

നേപ്പാളില്‍ ഉണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും അകപ്പെട്ട മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി : മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം

അപകടമേഖലയിലുള്ള മലയാളികളെ സുരക്ഷിതരായി പുറത്തെത്തിക്കാനും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടിയന്തര കണ്‍ട്രോള്‍ റൂം തുറന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിക്കാണ് രക്ഷാപ്രവര്‍ത്തന ഏകോപന ചുമതല നല്‍കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം, കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി, നേപ്പാള്‍ ഭരണകൂടം എന്നിവരുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിരന്തരം ബന്ധപ്പെട്ടാണ് അടിയന്തര നടപടികള്‍ പുരോഗമിക്കുന്നത്.

നേപ്പാളിലേക്ക് വിനോദസഞ്ചാരത്തിനായോ കൈലാസ മാനസസരോവര്‍ അടക്കമുള്ള തീര്‍ത്ഥാടനങ്ങള്‍ക്കായോ പോയ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കുറിച്ച് വിവരമൊന്നുമില്ലാതെ ആശങ്കയിലായവര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രത്യേക സെല്‍ 24 മണിക്കൂറും സജീവമായി പ്രവര്‍ത്തിക്കും.

വിവരങ്ങള്‍ കൈമാറുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നമ്പറുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 9447111844 , 9747132147 എന്നീ നമ്പറുകളിലാണ് ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുക. ഈ നമ്പറുകളില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ അപ്പപ്പോള്‍ തന്നെ ഡല്‍ഹിയിലെ കേരള ഹൗസിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി തിരച്ചില്‍ തത്സമയം ക്രമീകരിക്കും.

നേപ്പാളിലെ ഭോട്ടെ കോസി നദിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നൂറിലധികം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാനൂറോളം പേരെ കാണാതായെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഹിമാനികള്‍ ഇടിഞ്ഞുവീണതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അതിര്‍ത്തിയിലെ പ്രധാന പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയത് നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.

ഗലാച്ചി മേഖലയില്‍ കാസര്‍കോട് സ്വദേശിയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടങ്ങുന്ന 36 അംഗ മലയാളി സംഘം കുടുങ്ങിക്കിടക്കുന്നതായി ഇതിനകം സ്ഥിരീകരണമുണ്ട്. ഇതിനുപുറമേ മറ്റ് പ്രദേശങ്ങളിലും മലയാളി സഞ്ചാരികള്‍ ഒറ്റപ്പെട്ടുപോയിട്ടുണ്ടോ എന്ന കാര്യത്തില്‍ കണ്‍ട്രോള്‍ റൂം വഴി അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4