കോട്ടയം: ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവസാന നാളുകളിൽ ചിലർ അദ്ദേഹത്തെ കൈവിട്ടുവെന്നും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ചിലർ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. സോളാർ വിവാദകാലത്ത് ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും വേണ്ടി പരസ്യമായി പോരാടിയവരിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ പങ്ക് ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാർ വിവാദം കത്തിനിന്ന സമയത്ത് ഇടതുപക്ഷം ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ കടന്നാക്രമിച്ചപ്പോൾ പ്രതിരോധത്തിന്റെ മുൻനിരയിൽ നിന്നത് രാജ്‌മോഹൻ ഉണ്ണിത്താനായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് രക്തമൊലിപ്പിച്ച് ഉണ്ണിത്താൻ വീട്ടിലെത്തിയ സംഭവം അദ്ദേഹം ഓർത്തെടുത്തു. അന്ന് താനാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും കുടുംബാംഗങ്ങളാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവിന്റെ സംരക്ഷണത്തിനായി മണിക്കൂറുകളോളം ഉണ്ണിത്താൻ ചെലവഴിച്ചു. ചാനലുകളിൽ നിന്ന് ചാനലുകളിലേക്ക് സഞ്ചരിച്ച് പാർട്ടിക്കും കുടുംബത്തിനും വേണ്ടി ശക്തമായി സംസാരിച്ചവരിൽ ഉണ്ണിത്താനും ടി. സിദ്ദിഖും പ്രധാനികളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബത്തിനുവേണ്ടി കല്ലേറിന്റെ ഇരയായി രക്തസാക്ഷിയായ വ്യക്തിയാണ് ഉണ്ണിത്താനെന്നും അദ്ദേഹത്തോടും കോൺഗ്രസ് പാർട്ടിക്കും എന്നും കടപ്പാടുണ്ടാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ടി. സിദ്ദിഖ് ഉൾപ്പെടെയുള്ള നേതാക്കളും പ്രതിസന്ധിഘട്ടത്തിൽ ഒപ്പം നിന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഷാഫി പറമ്പിലും നിർവഹിച്ചിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സോളാർ വിവാദകാലത്ത് ആരും കുടുംബത്തെ ഉപേക്ഷിച്ചുപോയിട്ടില്ലെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അവസാന നാളുകളിൽ ചിലർ അകന്നുനിന്നുവെന്നത് യാഥാർത്ഥ്യമാണ്. സ്വന്തം താൽപര്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളും അന്ന് നടന്നിട്ടുണ്ട്. ആരൊക്കെയാണ് അങ്ങനെ ചെയ്തതെന്ന് വരുംകാലത്ത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ പരാമർശം ഷാഫി പറമ്പിലിനെ ഉദ്ദേശിച്ചുള്ളതല്ലെന്നും ചാണ്ടി ഉമ്മൻ പ്രത്യേകം വ്യക്തമാക്കി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഉമ്മൻ ചാണ്ടിയുടെ അവസാനകാലത്ത് ചിലർ കൈവിട്ടു ; സോളാർ കാലത്ത് കുടുംബത്തിനായി പോരാടിയത് ഉണ്ണിത്താൻ : ചാണ്ടി ഉമ്മൻ
Advertisement
Advertisement
Advertisement