എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന രേഖകളിലെ ഡയറിപേജാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്.
ഡയറിയിലെ ബിജെപി നേതാക്കളുടെ പേരുവിവരങ്ങള്‍ മറച്ചുവെച്ചാണ് ഷോണ്‍ ജോര്‍ജ് ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റില്‍ ബിജെപി നേതാവ് വി. മുരളീധരന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ബിജെപി അധ്യക്ഷന്‍മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കൊപ്പം സി കെ പത്മനാഭന്‍, കെ.പ്രകാശ് തുടങ്ങിയ ബിജെപി നേതാക്കള്‍ക്കും ആര്‍എസ്എസിനും ഹിന്ദു ഐക്യവേദിയ്ക്ക് വരെ പണം കൊടുത്തതായി കര്‍ത്തയുടെ ഡയറിയിലുണ്ട്.
രാഷ്ട്രീയക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് പണം നല്‍കിയതും ഡയറിയിലുണ്ട്. ഡയറിയില്‍ വി.ഡി സതീശന്റെ പേരിനോടൊപ്പം പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, കെ. മുരളീധരന്‍, ജി. സുധാകരന്‍, എസ്. ശര്‍മ്മ, പന്ന്യന്‍ രവീന്ദ്രന്‍, കെ. ചന്ദ്രന്‍പിള്ള, പി. രാജീവ് അടക്കം നിരവധി ഇടത് വലത് നേതാക്കളുടെ പേരുകളും ഇടംപിടിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച ഷോണ്‍ ജോര്‍ജ് പക്ഷേ സ്വന്തം പാര്‍ട്ടി നേതാക്കളുടെ പേര് മറച്ചുവെയ്ക്കുകയായിരുന്നു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയിൽ നിന്ന് പിടിച്ചെടുത്തതെന്ന് പറയുന്ന ഡയറിയിലെ ഒരു പേജ് ഷോൺ ജോർജ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെയാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമായത്. ഡയറിയിൽ പരാമർശിക്കുന്ന മന്ത്രിമാർ രാജിവയ്ക്കണമെന്ന ആവശ്യവും ഷോൺ ജോർജ് ഉന്നയിച്ചിരുന്നു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഭീഷണിയടക്കം നേരിട്ടിരുന്ന കാലയളവിലാണ് വിവിധ വ്യക്തികൾക്ക് പണം നൽകിയതെന്നാണ് കമ്പനിയുടെ എംഡി സി.എം.ആർ.എൽ ആദായനികുതി വകുപ്പിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ഡയറിയിലെ രേഖകളും മൊഴിയിലെ പരാമർശങ്ങളും വീണ്ടും രാഷ്ട്രീയ ചർച്ചയാകുകയാണ്.
അതേസമയം, ഷോൺ ജോർജ് രേഖ പരസ്യപ്പെടുത്തിയ രീതിയിൽ ബിജെപിക്കുള്ളിൽ തന്നെ അതൃപ്തി ഉയർന്നതായാണ് വിവരം. സ്വന്തം പാർട്ടിയിലെ നേതാക്കളുടെ പേരുകൾ കൂടി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന തരത്തിൽ രേഖ പുറത്തുവിട്ടത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ചില മുതിർന്ന നേതാക്കൾ.
വിഷയം കൂടുതൽ വ്യാപകമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് ബിജെപിക്കും തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ഇതോടെ മാസപ്പടി വിവാദം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മാത്രമല്ല, ബിജെപിയെയും പ്രതിരോധത്തിലാക്കുന്ന പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
മാസപ്പടി ഡയറി പുറത്തുവിട്ട ഷോൺ ജോർജിന് തിരിച്ചടി ; ബിജെപി നേതാക്കളുടെ പേരുകളും രേഖകളിലുണ്ടെന്ന് സൂചന
Advertisement
Advertisement
Advertisement