തിരുവനന്തപുരം: വിപണിയിൽ പച്ചക്കറി, പലചരക്ക് സാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക വർധിപ്പിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കടം വാങ്ങിയും സ്വന്തം കൈയിൽനിന്ന് പണം മുടക്കിയും ഭക്ഷണവിതരണം മുന്നോട്ടുകൊണ്ടുപോകുന്ന അധ്യാപകർ സാമ്പത്തിക സമ്മർദത്തിൽ. സംസ്ഥാനത്തെ ഏകദേശം 23.5 ലക്ഷം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
നിലവിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രതിദിനം 6.78 രൂപയും അഞ്ചു മുതൽ എട്ടു വരെ ക്ലാസുകളിലെ കുട്ടികൾക്ക് 10.17 രൂപയുമാണ് ഭക്ഷണത്തിനായി അനുവദിക്കുന്നത്. ഈ തുക ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യവുമുണ്ട്. പത്ത് വർഷത്തിനിടെ ഭക്ഷണവിലയും പാചകച്ചെലവും ഗണ്യമായി ഉയർന്നിട്ടും സർക്കാർ വിഹിതം അതിനനുസരിച്ച് പുതുക്കിയിട്ടില്ലെന്നാണ് അധ്യാപകരുടെ പരാതി.
പോഷകാഹാര പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു മുട്ടയും രണ്ടു ദിവസം 150 മില്ലിലിറ്റർ പാലും കുട്ടികൾക്ക് നൽകണം. മുട്ടയ്ക്ക് ആറു രൂപയാണ് സർക്കാർ അനുവദിക്കുന്നത്. എന്നാൽ വിപണിയിൽ ഏഴര മുതൽ ഒമ്പതു രൂപ വരെ വില നൽകേണ്ടിവരുന്നു. ലിറ്ററിന് 52 രൂപ നിരക്കിലാണ് പാലിന് അനുമതിയുള്ളത്. വിപണിവിലയാകട്ടെ 60 മുതൽ 65 രൂപയ്ക്ക് മുകളിലാണ്.
വിപണിവിലയ്ക്ക് അനുസരിച്ച് ഭക്ഷണവിഹിതവും മുട്ട, പാൽ നിരക്കുകളും പുതുക്കണമെന്നും ഫണ്ട് മുൻകൂറായി അനുവദിക്കണമെന്നുമാണ് അധ്യാപകരുടെ ആവശ്യം.
സപ്ലൈകോ വഴി അരി ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പാചക ഇന്ധനം എന്നിവ സ്കൂളുകൾ സ്വന്തം നിലയിൽ കണ്ടെത്തണം. ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിലുണ്ടായ വർധനയും വിറകിന്റെ വിലക്കയറ്റവും ചെലവ് വർധിപ്പിച്ചു. അധികമായി ലഭിക്കുന്ന അരി സൂക്ഷിക്കുന്നതിനിടെ കേടാകുകയോ വിതരണത്തിൽ പിഴവുണ്ടാകുകയോ ചെയ്താൽ അതിന്റെ സാമ്പത്തിക ബാധ്യതയും സ്കൂളുകൾക്ക് നേരിടേണ്ടിവരുന്നു.
പല സ്കൂളുകളിലും കടകളിൽനിന്ന് സാധനങ്ങൾ കടം വാങ്ങിയാണ് ഭക്ഷണം തയ്യാറാക്കുന്നത്. പണം നൽകാൻ വൈകുമ്പോൾ വ്യാപാരികൾ സാധനങ്ങൾ നൽകുന്നത് നിർത്തുന്ന സാഹചര്യവുമുണ്ട്.
ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണം ട്രഷറി വഴിയാക്കിയതും അധ്യാപകർക്ക് അധിക ജോലിയായി മാറിയിട്ടുണ്ട്. നേരത്തേ എഇഒ ഓഫീസിൽനിന്ന് നൂൺ മീൽ ഓഫീസർ ബിൽ പാസാക്കിയാൽ ബാങ്കിൽനിന്ന് തുക പിൻവലിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ ബിൽ പാസാക്കിയശേഷം സ്റ്റേറ്റ്മെന്റ്, ബിംസ് പോർട്ടൽ മുഖേന തയ്യാറാക്കിയ ഓൺലൈൻ ബിൽ, ഒരു മാസത്തെ മുഴുവൻ വാങ്ങൽ വൗച്ചറുകൾ എന്നിവ ട്രഷറിയിൽ സമർപ്പിക്കണം. ഇതിനു ശേഷമാണ് തുക ലഭിക്കുന്നത്.
കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ വിദഗ്ധസമിതി തയ്യാറാക്കിയ മെനുവിൽ വെജിറ്റബിൾ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ ബിരിയാണി, ലെമൺ റൈസ്, തക്കാളി റൈസ്, കാരറ്റ് റൈസ് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെട്ടിരുന്നു. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത ചമ്മന്തിയും മാസത്തിൽ ഒന്നോ രണ്ടോ ദിവസം പച്ചക്കറിക്ക് പകരമായി മൈക്രോഗ്രീൻസും നൽകിയിരുന്നു.
എന്നാൽ ചെലവുചുരുക്കലിന്റെ ഭാഗമായി മെനു വെട്ടിച്ചുരുക്കിയതോടെ ഇപ്പോൾ ചോറും രണ്ട് കറികളും മാത്രമായി ഭക്ഷണവിതരണം പരിമിതപ്പെട്ടെന്നാണ് പരാതി. വിലക്കയറ്റത്തിനനുസരിച്ച് ഫണ്ട് വർധിപ്പിക്കുകയും കുടിശ്ശികകൾ സമയബന്ധിതമായി നൽകുകയും ചെയ്തില്ലെങ്കിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോകുക കൂടുതൽ പ്രയാസകരമാകുമെന്നാണ് അധ്യാപകരുടെ ആശങ്ക.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ ; വിലക്കയറ്റത്തിൽ തളർന്ന് അധ്യാപകർ : 23.5 ലക്ഷം കുട്ടികൾക്ക് ആശങ്ക
Advertisement
Advertisement
Advertisement