breaking news New

ഇനി കനത്ത സ്കൂൾ ബാഗുകൾക്ക് വിട ! കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് ; അടുത്ത അധ്യയന വർഷം മുതൽ പുതിയ പദ്ധതി

തിരുവനന്തപുരം: സ്കൂൾ ബാഗുകളുടെ അമിതഭാരം കുറച്ച് കുട്ടികളുടെ പഠനജീവിതം കൂടുതൽ സൗകര്യപ്രദമാക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ പ്രാഥമിക രൂപരേഖ തയ്യാറായി. ആദ്യഘട്ടത്തിൽ എൽ.പി. സ്കൂളുകളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

അടുത്ത അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. കുട്ടിയുടെ ആകെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയായിരിക്കും സ്കൂൾ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തുക.

പുതിയ ക്രമീകരണത്തിന്റെ ഭാഗമായി ഒരു ദിവസം നാല് വിഷയങ്ങളുടെ ക്ലാസുകൾ മാത്രം ഉൾപ്പെടുന്ന രീതിയിൽ ടൈംടേബിൾ തയ്യാറാക്കും. രണ്ട് സെറ്റ് പാഠപുസ്തകങ്ങളിൽ ഒന്ന് വീട്ടിലും മറ്റൊന്ന് സ്കൂളിലും സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കും. ഇതോടെ ദിവസവും എല്ലാ പുസ്തകങ്ങളും സ്കൂളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാക്കാനാകും.

കുട്ടികൾക്ക് സ്കൂളിൽ തന്നെ കുടിവെള്ളവും ഉച്ചഭക്ഷണവും ലഭ്യമാക്കും. ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കുന്നതും പദ്ധതിയുടെ പരിഗണനയിലുണ്ട്.

ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്കൂൾ പി.ടി.എ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി) എന്നിവയുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യങ്ങളും സ്കൂൾ അധികൃതരുടെ താൽപര്യവും വിലയിരുത്തിയ ശേഷമായിരിക്കും പൈലറ്റ് പദ്ധതിക്കായി വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുക.

നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ എൽ.പി, യു.പി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണവും നടത്തും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4