രാഷ്ട്രീയ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന രൂക്ഷമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത ആളാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഗണേഷ് കുമാര്‍ ഒരു 'പരനാറി' ആണെന്നും ജീവിതത്തില്‍ യാതൊരുവിധ വിശുദ്ധിയുമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം തുറന്നടിച്ചു.
സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാര്‍ ഒട്ടും കൊള്ളരുതാത്തവനാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എല്‍.ഡി.എഫ്. ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കിയതെന്നും അദ്ദേഹം പരിഹസിച്ചു.
ഭരണത്തില്‍ പങ്കാളികളായ സഖാക്കള്‍ സുഖിച്ചുനടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ പോയതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അധികാരമോഹികളായ കമ്മ്യൂണിസ്റ്റുകാരും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെയും പിണറായി വിജയനെയും തോല്‍പ്പിച്ചത്.
ഭരണ നേതൃത്വത്തിലെ നേതാക്കള്‍ക്കുണ്ടായ ധിക്കാരവും ധാര്‍ഷ്ട്യവും ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആക്കം കൂട്ടിയതായി അദ്ദേഹം നിരീക്ഷിച്ചു. ജനങ്ങളില്‍ നിന്ന് അകന്ന നേതാക്കളുടെ പെരുമാറ്റം പ്രസ്ഥാനത്തിന് തിരിച്ചടിയായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയില്‍ മാത്രം കെട്ടിവെക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായിയെ നേരിട്ട് എതിര്‍ക്കാന്‍ മടിയുള്ളതുകൊണ്ടാണ് അവര്‍ തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ തങ്ങള്‍ക്ക് ചെയ്തുതരാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്തുതന്നിട്ടില്ലെങ്കിലും താന്‍ ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഭരണം കൊണ്ടുമാത്രം സമുദായത്തിന് എല്ലാം ലഭിച്ചില്ലെങ്കിലും തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കും.
പിണറായി വിജയന്റെ ഓഫീസിലെ ഏറ്റവും വലിയ പുഴുക്കുത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയാണെന്ന് വെള്ളാപ്പള്ളി രൂക്ഷമായി ആരോപിച്ചു. എസ്.എന്‍.ഡി.പി.ക്ക് എതിരായ കേസുകളില്‍ ഇടപെട്ടുകൊണ്ട് പി. ശശി നിരന്തരം പാരകള്‍ വെക്കുകയായിരുന്നു.
മുന്‍പ് ഇ.കെ. നായനാരുടെ കൂടെ ഉണ്ടായിരുന്ന കാലത്തും ശശി പല വൃത്തികേടുകളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അക്കാലത്ത് പ്രമുഖ മദ്യവ്യവസായിയായിരുന്ന മണിച്ചനെ തെണ്ടിച്ചത് പി. ശശിയാണെന്നും വെള്ളാപ്പള്ളി തുറന്നുപറഞ്ഞു.
മുന്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഷംസീര്‍ യഥാര്‍ത്ഥത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ല, മറിച്ച് മുസ്ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ച് നേതാക്കളായപ്പോള്‍ ഷംസീര്‍ വളരെ ചുളുവിലൂടെ നേതാവായി മാറിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു.
മതേതരത്വം പറഞ്ഞു നടന്ന ഈഴവര്‍ ഒരിടത്തും എത്തിയിട്ടില്ലെന്ന് സമുദായത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇനി നൂറ് കൊല്ലം കഴിഞ്ഞാല്‍ പോലും കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി നിരാശയോടെ കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗത്തിന് എതിരെ നിലവില്‍ നടക്കുന്ന സമരങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗാണെന്നും അതിനായി ലീഗ് വലിയ തോതില്‍ പണം മുടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലീഗിനെ പേടിച്ച് ആര്‍ക്കും ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും, മതം പറഞ്ഞവരെല്ലാം ഇവിടെ മന്ത്രിമാരായി മാറുകയാണെന്നും ലീഗിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ അവര്‍ മുസ്ലിം സമുദായത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മുന്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ കടുത്ത ആക്ഷേപങ്ങളുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ !!
Advertisement
Advertisement
Advertisement