തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രമുഖ ഡോക്ടര്‍മാരുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് നിര്‍മ്മിച്ച വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കോടതികളില്‍ ഹാജരാക്കിയാണ് സംഘം വന്‍തുക ക്ലെയിം ചെയ്തിരുന്നത്. തങ്ങളുടെ പേരില്‍ വ്യാജരേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ തന്നെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്തുവെച്ച് അപകടത്തില്‍ പരിക്കേറ്റ സംഭവങ്ങള്‍ പോലും കേരളത്തില്‍ വെച്ചുണ്ടായ അപകടങ്ങളാണെന്ന് വ്യാജരേഖ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമം നടന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
തങ്ങള്‍ നേരിടുന്ന വന്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളായ ബജാജ് അലയന്‍സ്, ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് എന്നിവര്‍ സര്‍ക്കാരിന് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന് പുറമേ, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലുകളിലെ ഇത്തരത്തിലുള്ള വ്യാജ ക്ലെയിമുകള്‍ തടയാന്‍ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) രൂപീകരിക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്‍ അധ്യക്ഷനായി പുതിയ സംഘം നിലവില്‍ വന്നത്.
സൈക്കിളില്‍ നിന്ന് വീണതും തലയില്‍ തേങ്ങ വീണതുമടക്കമുള്ള സാധാരണ സംഭവങ്ങളെപ്പോലും വ്യാജ രേഖകളിലൂടെ വാഹനാപകടങ്ങളാക്കി മാറ്റി വന്‍തുക തട്ടിയെടുക്കുന്ന രീതിയാണ് ഈ മാഫിയ പിന്തുടര്‍ന്നിരുന്നത്. തലസ്ഥാനത്ത് മാത്രം 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ അരനൂറ്റാണ്ടിലേറെ കേസുകള്‍ ക്രൈംബ്രാഞ്ചിന്റെ പരിഗണനയിലുണ്ട്.
പൊലീസുദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഇന്‍ഷുറന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, ഇടനിലക്കാര്‍ എന്നിവരടങ്ങുന്ന വന്‍ ശൃംഖലയാണ് ഈ ക്ലെയിം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ വാഹനം തന്നെ ഉപയോഗിച്ച് പല സ്ഥലങ്ങളില്‍ അപകടമുണ്ടായതായി വ്യാജരേഖ ഉണ്ടാക്കിയും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. എസ്.ഐ.ടിയുടെ വരവോടെ ഇത്തരം ആസൂത്രിത കൊള്ളകള്‍ക്ക് പൂര്‍ണ്ണമായി വിരാമമാകും.
സൈബര്‍ ഓപ്പറേഷന്‍സ് ഐ.ജി പി. പ്രകാശ്, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയാണ് എസ്.ഐ.ടിയിലുള്ളത്. ഇ-കോര്‍ട്ട്‌സ് ഡാറ്റാബേസ് ഉപയോഗിച്ച് ഒരേ വാഹനം, ഡ്രൈവിംഗ് ലൈസന്‍സ്, പരാതിക്കാരന്‍ എന്നിവ ആവര്‍ത്തിച്ചു വരുന്നത് കണ്ടെത്തുകയാണ് ലക്ഷ്യം. സംശയാസ്പദമായ എല്ലാ കേസുകളും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇനി നേരിട്ട് എസ്.ഐ.ടിക്ക് കൈമാറാം.
തലസ്ഥാന നഗരിയില്‍ മാത്രം മുന്നൂറിലേറെ വ്യാജ കേസുകള്‍ ഉണ്ടാക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍. മ്യൂസിയം, തമ്പാനൂര്‍, ട്രാഫിക് തുടങ്ങിയ പ്രമുഖ സ്റ്റേഷനുകളില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നടത്തിയ പരിശോധനയില്‍ 12 തട്ടിപ്പുകള്‍ പിടികൂടി. അഞ്ച് പോലീസുകാരും അഭിഭാഷകരും വ്യാജ പരാതിക്കാരും ഈ കേസുകളില്‍ പ്രതികളായിട്ടുണ്ട്.
വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന അപകടങ്ങള്‍ പോലും തലസ്ഥാനത്തേക്ക് മാറ്റി രേഖയുണ്ടാക്കുന്ന വിചിത്രമായ തട്ടിപ്പുകളും നടന്നിട്ടുണ്ട്. 2018-ല്‍ തമിഴ്‌നാട്ടിലെ പാലൂരില്‍ വെച്ച് സ്വന്തം കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി പരിക്കേറ്റ ഓട്ടോഡ്രൈവര്‍ രാജന്റെ സംഭവം, തിരുവനന്തപുരം മ്യൂസിയത്തിന് സമീപം നടന്ന അപകടമാക്കി മാറ്റി 12 ലക്ഷം രൂപ ക്ലെയിം ചെയ്തത് ഇതിന് ഉദാഹരണമാണ്. മോട്ടോര്‍ വാഹനവകുപ്പ് ഇതിന് വ്യാജ സാക്ഷ്യപത്രവും നല്‍കിയിരുന്നു.
കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഈ തട്ടിപ്പ് സംഘങ്ങളെ പിടികൂടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമാകും. സംശയാസ്പദമായ ക്ലെയിമുകളുടെ വിവരങ്ങള്‍ എസ്.ഐ.ടിക്ക് കൈമാറാന്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് അലമും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ വ്യാജ ക്ലെയിമുകളിലൂടെ കൈ ചോര്‍ന്നുപോയിരുന്ന കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കാനും ഭാവിയിലെ തട്ടിപ്പുകള്‍ തടയാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കും.
എസ്.ഐ.ടിയുടെ കടുത്ത നിലപാടുകളും അതിവേഗ നടപടികളും തട്ടിപ്പുകാരുടെ നട്ടെല്ലൊടിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. കേവലം തട്ടിപ്പുകാരെ പിടികൂടുന്നതിലുപരി, ഇന്‍ഷുറന്‍സ് രംഗത്ത് വ്യാജ ക്ലെയിമുകള്‍ വഴി ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ പുതിയ അന്വേഷണ സംഘത്തിന്റെ വരവ് വഴിയൊരുക്കും. ഇന്‍ഷുറന്‍സ് മേഖലയ്ക്കും സര്‍ക്കാരിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന ഒന്നായി ഈ എസ്.ഐ.ടി അന്വേഷണം മാറുകയാണ്.
വര്‍ഷങ്ങളായി കനത്ത സാമ്പത്തിക നഷ്ടം നേരിട്ടിരുന്ന കമ്പനികള്‍ക്ക് കോളടിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
വ്യാജ മോട്ടോർ വാഹന അപകട ക്ലെയിമുകൾക്ക് കടിഞ്ഞാണിടാൻ എസ്.ഐ.ടി ; കോടികളുടെ തട്ടിപ്പ് മാഫിയക്കെതിരെ നിർണായക നീക്കം ; ഇൻഷുറൻസ് കമ്പനികൾക്ക് ആശ്വാസം
Advertisement
Advertisement
Advertisement