breaking news New

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവിന് നിയന്ത്രണം ; അമിത നിരക്ക് തടയാൻ പുതിയ നിയമനിർമാണവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം :
ചികിത്സാച്ചെലവിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള നിയമത്തിന്റെ കരട് തയ്യാറാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കും.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) മാനേജിംഗ് ഡയറക്ടർ എന്നിവർ അംഗങ്ങളായിരിക്കും. സ്വകാര്യ ആശുപത്രി മേഖലയുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും ചർച്ച നടത്തി ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമിതി തയ്യാറാക്കും.

ചികിത്സയുടെ ഗുണനിലവാരം, സുതാര്യത, രോഗികളുടെ സുരക്ഷ, സേവനങ്ങളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സമിതി പരിശോധിക്കും. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, മരുന്നുകളുടെ വില, ലബോറട്ടറി പരിശോധനകൾ, സി.ടി., എം.ആർ.ഐ. ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങളുടെ നിരക്ക്, മുറിവാടക, വിവിധ ചികിത്സാ നടപടിക്രമങ്ങളുടെയും ഇടപെടലുകളുടെയും നിരക്ക് എന്നിവ വിശദമായി പരിശോധിച്ചായിരിക്കും നിയമനിർമാണത്തിനുള്ള നിർദേശങ്ങൾ തയ്യാറാക്കുക.

ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് രോഗിക്ക് പ്രതീക്ഷിക്കാവുന്ന ചെലവ് വ്യക്തമാക്കുക, ബില്ലിൽ ഓരോ സേവനത്തിന്റെയും നിരക്ക് പ്രത്യേകം രേഖപ്പെടുത്തുക, മരുന്നുകളുടെ വിലയിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാക്കുന്നതും പരിഗണനയിലുണ്ട്. നിലവിൽ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമപ്രകാരം ചികിത്സാ നിരക്കുകളും സേവന വിവരങ്ങളും രോഗികൾക്ക് ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ നിലവിലുണ്ട്.

ആശുപത്രികളിൽ രോഗികൾക്ക് നൽകുന്ന മരുന്നുകൾ എം.ആർ.പി.യേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കും. ആശുപത്രികൾ മരുന്നുകൾ വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനവും സമിതി പരിശോധിക്കും.

ലബോറട്ടറി പരിശോധനകൾ, സ്കാനിംഗ് ഉൾപ്പെടെയുള്ള ഡയഗ്നോസ്റ്റിക് സേവനങ്ങൾ, മുറിവാടക, വിവിധ പ്രൊസീജർ നിരക്കുകൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള സാധ്യതകളും വിലയിരുത്തും. സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനാകുമോയെന്നും സമിതി പരിശോധിക്കും.

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ സ്വകാര്യ ആശുപത്രികളുടെ പങ്ക് സർക്കാർ അംഗീകരിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് താങ്ങാനാകാത്ത വിധം ചികിത്സാച്ചെലവ് ഉയരുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനച്ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചുകൊണ്ട് രോഗികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രായോഗിക നിയന്ത്രണ സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

NB : According to current information, this is at the legislative stage. the provisions of the final law will be confirmed only after the legislative proceedings.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4